ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിയെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി. ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
2016ൽ നടത്താനിരുന്ന ഉച്ചകോടിയിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഉറിയിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം ഉണ്ടാവുകയും 19 സൈനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അന്ന് ഇന്ത്യ പിന്മാറിയത്.
2014ൽ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് അവസാനമായി എട്ട് സാർക്ക് രാജ്യങ്ങളിലെ ഭരണാധികാരികൾ പങ്കെടുത്ത ഉച്ചകോടി സംഘടിപ്പിച്ചത്.
പ്രശ്ന പരിഹാരത്തിന് ഇന്ത്യ ഒരടി വെച്ചാൽ പാക്കിസ്ഥാൻ രണ്ടടി വെക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന ഓർത്തെടുത്തുകൊണ്ടായിരുന്നു പാക് വിദേശകാര്യ വക്തവ് മുഹമ്മദ് ഫൈസലിന്റെ പ്രതികരണം. പ്രശ്നപരിഹരത്തിന് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വർഷത്തിലൊരിക്കലാണ് സാർക്ക് ഉച്ചകോടി നടക്കുന്നത്. അക്ഷരമാലക്രമത്തിൽ ഓരോ അംഗരാജ്യങ്ങളിലാകും ഉച്ചകോടി നടക്കുക. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ടീം തന്നെയാണ് അദ്ധ്യക്ഷതയും വഹിക്കുക. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും 2016ൽ ഉച്ചകോടിയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. മാലിദ്വീപും ശ്രീലങ്കയുമാണ് സാർക്കിലെ മറ്റ് അംഗരാജ്യങ്ങൾ.