ഇസ്ലാമാബാദ്: പുകയില ഉത്പന്നങ്ങള്‍ക്കും മധുരപാനീയങ്ങള്‍ക്കും ‘പാപ നികുതി’ ഏര്‍പ്പെടുത്താനൊരുങ്ങി പാക്കിസ്ഥാന്‍. പുതുതായി ഭരണത്തിലേറിയ പാക്കിസ്ഥാന്‍ തെഹരീക്-ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ആരോഗ്യമന്ത്രി ആമിര്‍ മെഹമൂദ് കിയാനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആരോഗ്യ ബജറ്റ് ജി.ഡി.പിയുടെ അഞ്ച് ശതമാനമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

‘ആരോഗ്യ ബഡ്ജറ്റ് വര്‍ധിപ്പിക്കാനായി പല വഴികളിലൂടേയും ശ്രമിക്കും. അതിന്റെ ഭാഗമായാണ് പുകയില ഉത്പന്നങ്ങള്‍ക്കും മധുര പാനീയങ്ങള്‍ക്കും പാപ നികുതി ചുമത്തുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന തുക ആരോഗ്യ ബജറ്റിലേക്ക് നീക്കി വെക്കും,’ കിയാനി പറഞ്ഞു.

പാപ നികുതി ഇന്ത്യയടക്കം ലോകത്ത് 45ലധികം രാജ്യങ്ങളില്‍ ചുമത്തുന്നുണ്ട്. ആരോഗ്യത്തെ ബാധിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്താനാണ് പാപനികുതി ചുമത്തുന്നത്. എപ്പോഴും ഏറ്റവും ഉയര്‍ന്ന നികുതിയിലായിരിക്കും ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുക. ജനങ്ങളുടെ ക്ഷേമത്തിനായുളള പദ്ധതികള്‍ക്കാണ് ഇത്തരം നികുതി വരുമാനം ഉപയോഗിക്കുക. ഇന്ത്യയില്‍ മദ്യത്തിനും പുകയില ഉത്പന്നങ്ങള്‍ക്കുമാണ് പാപ നികുതി ചുമത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ