ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഇന്ന് പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റി. ലാഹോറിലെ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് പ്രതിയെ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ് ആദില്‍ സര്‍വാറിന്റേയും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റേയും സാന്നിധ്യത്തിലാണ് ഇമ്രാന് അലിയെന്ന കുറ്റവാളിയെ തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതിക്ക് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ 45 മിനിറ്റ് സമയം നല്കി.
ഭീകരവിരുദ്ധ കോടതിയാണ് 23കാരനായ ഇമ്രാന് അലിക്കെതിരെ വധശിക്ഷ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരിയില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ വ്യാപകമായ രീതിയില്‍ പ്രക്ഷോഭം നടന്നിരുന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ കസൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തു. ഭീകരവിരുദ്ധ കോടതി ജഡ്ജിയായ ഷൈഖ് സജ്ജാദ് അഹമ്മദാണ് പ്രതിക്കെതിരെ വിധി പുറപ്പെടുവിച്ചത്. പ്രതിയുടെ ദയാഹര്‍ജി ഒക്ടോബര്‍ 10ന് പ്രസിഡന്റ് ആരിഫ് അല്‍വി തളളിക്കളഞ്ഞതോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഇയാള്‍ മറ്റ് ഒമ്പത് ബലാത്സംഗ-കൊലപാതക കേസിലും പ്രതിയാണ്. ജനുവരി 5നാണ് മദ്രസയില്‍ ട്യൂഷന് പോയ 7 വയസുകാരിയെ കസൂര്‍ നഗരത്തില്‍ വച്ച് കാണാതായത്. മാതാപിതാക്കള്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയില്‍ പോയ സമയത്ത് കുട്ടി മാതൃസഹോദരിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മദ്രസയിലേക്ക് പോകും വഴി ഇമ്രാന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയേയും കൊണ്ട് ഇയാള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശക്തമായ തെളിവായി മാറി.
ജനുവരി 9നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചവറ്റുകൂനയില്‍ നിന്നും കണ്ടെടുക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. പ്രതിക്കെതിരെ ചുമത്തിയിരുന്ന ഏഴ് ബലാത്സംഗ-കൊലപാതക കേസുകളില്‍ അഞ്ചെണ്ണത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ, 7 വര്‍ഷം തടവ്, 41 ലക്ഷം രൂപ പിഴ എന്നിവയാണ് വിധിച്ചത്. മറ്റ് കേസുകളില്‍ 21 തവണ വധശിക്ഷ, മൂന്ന് ജീവപര്യന്തം എന്നിവയും ചുമത്തിയിരുന്നു.