ഇസ്ലാമാബാദ്: ‘ദൈവനിന്ദകമായ’ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിനും വിക്കിപീഡിയയ്ക്കും പാക്കിസ്ഥാന്റെ ഭീഷണി.

ഗൂഗിളിൽ നിന്ന് “നിയമവിരുദ്ധമായ ഉള്ളടക്കം” ഉടൻ നീക്കംചെയ്യണമെന്ന് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) ആവശ്യപ്പെട്ടു. മതപുരോഗിതനായ മിർസ മസ്രൂർ അഹ്മദിനെ നിലവിലെ “ഖലീഫ” അല്ലെങ്കിൽ ഇസ്ലാമിന്റെ നേതാവ് എന്ന് വിശേഷിപ്പിക്കുന്ന പേജുകൾ ചൂണ്ടിക്കാട്ടി, ഇത് രാജ്യത്തെ പ്രബലമായ മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നാണ് പാക്കിസ്ഥാന്റെ വിമർശനം. ഗൂഗിൾ പ്ലേ സ്റ്റോറിൽ “വിശുദ്ധ ഖുർആനിന്റെ നിയമവിരുദ്ധമായ പതിപ്പ്” ഉൾപ്പെടുത്തിയതിനേയും പാക്കിസ്ഥാൻ അപലപിച്ചു.

“പ്രവാചകന്റെ കാരിക്കേച്ചറുകൾ ഉൾപ്പെടുത്തുകയും വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ മിർസ മസ്രൂർ അഹ്മദിനെ മുസ്ലീമായി ചിത്രീകരിച്ചതായും തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതുമായി പരാതികൾ ലഭിച്ചു,” പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ട്വിറ്ററിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.

പാക്കിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായ അഹ്മദിയ മുസ്‌ലിം സമുദായത്തിലെ അംഗങ്ങൾ മിർസ മസ്‌റൂർ അഹ്മദിനെ ഖലീഫയായി ആദരിക്കുന്നു.

ഗൂഗിളും വിക്കിപീഡിയയും തിരുത്താനും തെറ്റായ വിവരങ്ങൾ പിൻവലിക്കാനും തയ്യാറായില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും പിടിഎ അറിയിച്ചു.

അടുത്തിടെ കരട് നയത്തിന് അംഗീകാരം നൽകി സെൻസർഷിപ്പിനുള്ള വാതിൽ തുറക്കുക വഴി പാക്കിസ്ഥാൻ സർക്കാർ ഡിജിറ്റൽ മേഖലയിൽ കൂടുതൽ നിയന്ത്രണം ചെലുത്താൻ ശ്രമിച്ചിരുന്നു.

സർക്കാരിനും പാകിസ്ഥാന്റെ ശക്തമായ സൈന്യത്തിനുമെതിരായ വിമർശനങ്ങൾ തടയുന്നതിനായി ഡിജിറ്റൽ ഇടം നിയന്ത്രിക്കാൻ അധികൃതർ ശ്രമിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞതോടെ ഈ നീക്കത്തിന് തിരിച്ചടിയായി.

ഈ വർഷം ഒക്ടോബറിൽ പാകിസ്ഥാൻ പ്ലാറ്റ്ഫോം ടിക് ടോക്ക് നിരോധിച്ചിരുന്നു. “അധാർമികവും”, “നീചവുമായ” ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടിൻഡർ, ഗ്രിൻഡർ എന്നിവയുൾപ്പെടെ നിരവധി ഡേറ്റിംഗ് ആപ്ലിക്കേഷനുകളും നിരോധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook