ന്യൂഡല്‍ഹി: അമര്‍നാഥ് തീർഥാടന പാതയില്‍ നിന്ന് ബോംബുകളും സ്‌നൈപ്പര്‍ റൈഫിളുകളും കണ്ടെടുത്തത് ഭീതി സൃഷ്ടിക്കുന്നു. സൈന്യവും പൊലീസും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ബോംബുകള്‍ അടക്കം കണ്ടെത്തിയ വിവരം അറിയിച്ചത്. അമര്‍നാഥ് തീർഥാടകരെ പാക് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകളെന്ന് സൈനിക മേധാവി പറയുന്നു.

ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിനോദ സഞ്ചാരികളും തീർഥാടകരും അമര്‍നാഥ് യാത്ര മതിയാക്കി ഉടന്‍ മടങ്ങണമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും സുരക്ഷിതരായി മടങ്ങണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കിയിട്ടുണ്ടെന്നും ലഫ്.ജനറല്‍ കെജെഎസ് ദില്ലൻ പറയുന്നു. അമേരിക്കന്‍ നിര്‍മിത എം 24 സ്‌നൈപ്പര്‍ റൈഫിളടക്കം ഒട്ടേറെ ആയുധങ്ങള്‍ കണ്ടെടുത്തതായും അവര്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുരക്ഷാ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

ഏതാനും ദിവസങ്ങളായി അമർനാഥിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്.  അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നതായി വ്യക്തമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.  ഈ തിരച്ചിലിലാണ് മൈനുകളും സ്‌നൈപ്പര്‍ റൈഫിളുകളുമുള്‍പ്പെടെയുള്ള ആയുധ ശേഖരം പിടിച്ചെടുത്തത്.

പാക്കിസ്ഥാനും പാക് സൈന്യവും കശ്മീർ താഴ്‌വരയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ, അത് അനുവദിക്കില്ല. ആർക്കും കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാൻ സാധിക്കില്ല. അത് സൈന്യം നൽകുന്ന ഉറപ്പാണെന്നും ലഫ്.ജനറൽ കെജെഎസ് ദില്ലൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook