ഇസ്ലാമാബാദ്: കറാച്ചിയിൽ പാകിസ്ഥാന്‍റെ ആണവായുധ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. ‘ഗസ്‍‍നാവി’ എന്ന, ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ ഗുജറാത്ത് തീരത്തിന് സമാന്തരമായി കറാച്ചിയിൽ നിന്ന് പരീക്ഷിച്ചത്.

290 കിലോമീറ്റർ വരെ ദൂരത്തിൽ ഒന്നിലധികം തരം യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ മിസൈലിന് കഴിവുണ്ടെന്ന് മേജർ ജനറൽ ഗഫൂർ ട്വിറ്ററിലൂടെ പറഞ്ഞു. വിക്ഷേപണത്തിന്റെ വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചു.

മിസൈൽ വിജയകരമായി പരീക്ഷിച്ചതിന് പ്രസിഡന്റും പ്രധാനമന്ത്രിയും ടീമിനെ അഭിനന്ദിക്കുകയും രാജ്യത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തതായി ഡിജി ഐ‌എസ്‌പി‌ആർ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2005-ൽ ഒപ്പുവച്ച കരാറുകൾ അനുസരിച്ച്, ഒരു രാജ്യം ഇത്തരത്തിലൊരു മിസൈൽ പരീക്ഷണം നടത്തുമ്പോൾ മറുരാജ്യത്തെ അറിയിക്കണം. ഇമ്രാൻ ഖാന്‍റെ പ്രസ്താവന പുറത്തുവന്ന അതേ ദിവസം തന്നെയാണ് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തുമെന്ന് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചത്.

കറാച്ചിയിലെ മൂന്ന് വ്യോമപാതകൾ പരീക്ഷണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ അടച്ചിരുന്നു. ആഗസ്ത് 28 മുതൽ 31 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. നോട്ടാം എന്ന വൈമാനികർക്കുള്ള നോട്ടീസിൽ (നോട്ടീസ് ടു എയർമെൻ, അലർട്ടിംഗ് പൈലറ്റ്സ് ഓൺ റൂട്ട്‍സ്) ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. 26,000 അടി ഉയരത്തിൽ കടലിൽ പ്രത്യാഘാതമുണ്ടാകുന്ന തരത്തിലാകും മിസൈൽ പരീക്ഷണമെന്നതായിരുന്നു നോട്ടീസ്. പ്രദേശത്ത് നിന്ന് എല്ലാ കപ്പലുകളെയും മാറ്റണമെന്ന് നാവികസേനകൾക്കും കപ്പലുകൾക്കും നൽകിയ നോട്ടീസിലും പറഞ്ഞിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം, ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു തകർത്തതിനു പിന്നാലെ ഫെബ്രുവരി 26ന് പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. കഴിഞ്ഞ ജൂലൈ 16 നാണ് പാക്കിസ്ഥാന്‍ വ്യോമപാത പൂർണമായും തുറന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള ബസ്, ട്രെയിൻ സർവീസുകളും വാണിജ്യ ബന്ധവും പാക്കിസ്ഥാൻ നിർത്തിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook