ഇസ്‌ലാമാബാദ്: പാനമ അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും സുപ്രീം കോടതി ആജീവനാന്തം അയോഗ്യനാക്കി. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഷെരീഫ് കുടുംബം അനധികൃതസ്വത്ത് സമ്പാദിച്ചെന്ന റിപ്പോര്‍ട്ടില്‍ കോടതി നേരത്തേ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കോടതി നടപടി. ഇതോടെ നവാസ് ഷരീഫിന്റെ രാഷ്ട്രീയ ജീവിതത്തിനാണ് തിരശീല വീഴുന്നത്. ആര്‍ട്ടിക്കിള്‍ 62 അനുസരിച്ചാണ് നവാസ് ഷെരീഫിനെ ആജിവനാന്തം അയോഗ്യനാക്കിയത്.

ആര്‍ട്ടിക്കിള്‍ 62 പ്രകാരം അയോഗ്യത തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണെന്ന് ഷെരീഫിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 62 (1) (f) പ്രകാരം അയോഗ്യത ആജീവനാന്തമാണെന്ന് എതിര്‍ കക്ഷി പാര്‍ട്ടി വാദിച്ചു. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങൾ പാനമ രേഖകളിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാൻ കോടതിയിൽ ഈ കേസ് എത്തിച്ചു. നവാസ് ഷെരീഫിനെയും മൂന്നു മക്കൾ ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നും തനിക്കെതിരെയുളളത് വെറും ആരോപണങ്ങളും അനുമാനങ്ങളുമാണെന്നായിരുന്നു ഷെരീഫിന്റെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook