ലുധിയാന: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇനി കത്തുകളെത്തില്ല. ഇന്ത്യയുമായുള്ള തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തി. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുമ്പോഴാണ് തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തിയത്.

ഇന്ത്യയുടെ വടക്കാൻ സംസ്ഥാനമായ  പഞ്ചാബിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് തപാല്‍ മാര്‍ഗം സ്ഥിരമായി  ലഭിച്ചിരുന്ന കത്തുകളും മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ല. തപാല്‍ മാര്‍ഗം കത്തയക്കുന്നതു നിർത്തിക്കൊണ്ട് പാക്കിസ്ഥാന്‍ കസ്റ്റംസ് വകുപ്പ് ഓഗസ്റ്റ് 23 ന് ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്ത്യന്‍ തപാല്‍ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അജയ് കുമാര്‍ റോയ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read Also: പാവങ്ങള്‍ക്കായി രണ്ട് കോടി വീടുകള്‍ നിര്‍മ്മിക്കും: നരേന്ദ്ര മോദി

“ഇന്ത്യയിലേക്കു  കത്തുകൾ  അയക്കില്ലെന്നതു പോലെ ഇന്ത്യയിൽനിന്നുള്ള കത്തുകൾ  സ്വീകരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ഓഗസ്റ്റ് 23നു പ്രാബല്യത്തിൽ വന്നു. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പോസ്റ്റല്‍ കൈമാറ്റം നടന്നിട്ടില്ല,” അജയ് കുമാര്‍ റോയ്  പറഞ്ഞു.

ഇന്ത്യയിലേക്കു കത്തുകളയക്കില്ലെന്ന പാക്കിസ്ഥാന്റെ ഏകപക്ഷീയമായ തീരുമാനത്തെ തുടർന്ന് കിഴക്കൻ- പടിഞ്ഞാറൻ പഞ്ചാബുകൾ തമ്മിലുള്ള സാംസ്കാരിക സാഹിത്യ വിനിമയങ്ങൾ നിലച്ചിരിക്കുകയാണ്. ലാഹോറിൽനിന്ന് മൂന്ന് മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന പഞ്ചാബ് ദേ രംഗിനന്റെ ഇന്ത്യയിലെ വായനക്കാരിൽ എത്തുന്നത് നിലച്ചു. പ്രസിദ്ധീകരണത്തിന്റെ എഴുപത് കോപ്പി ഇന്ത്യയിലേക്ക് അയച്ചെങ്കിലും പാക്കിസ്ഥാൻ തപാൽ വകുപ്പ് തിരിച്ചയച്ചതായി പഞ്ചാബ് ദേ രംഗ് ചീഫ് എഡിറ്റർ ഇഷാൻ എച്ച്.നദീം ഫോണിൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read Also: നരേന്ദ്ര മോദി ഇന്ന് തിരിച്ചെത്തും; ഗംഭീര സ്വീകരണമൊരുക്കാന്‍ ബിജെപി

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള തപാൽ കെെമാറ്റം ഇങ്ങനെ:

തപാല്‍ വകുപ്പിനു കീഴിലുള്ള വിദേശ തപാല്‍ ഓഫീസുകള്‍ വഴിയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകളയയ്ക്കുന്നത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് തപാല്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് 28 വിദേശ തപാല്‍ ഓഫീസുകളാണ് ഉള്ളത്. ഡല്‍ഹിയിലെയും മുംബൈയിലേയും വിദേശ തപാല്‍ ഓഫീസുകളില്‍ നിന്നാണ് പാക്കിസ്ഥാനിലേക്ക് കത്തുകള്‍ കൈമാറുന്നത്. വ്യോമമാര്‍ഗം വഴിയാണ് കത്തുകളുടെ കൈമാറ്റം. പാക്കിസ്ഥാനിലേക്ക് സ്ഥിരമായി വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ സൗദി അറേബ്യ എയര്‍ലൈന്‍സ് വഴിയാണ് അങ്ങോട്ടേക്കുള്ള കത്തുകള്‍ അയക്കുന്നത്. ഖത്തറിലെ ദോഹയില്‍ വച്ചാണ് ഇവയുടെ കൈമാറ്റം.

വാർത്ത: ദിവ്യ ഗോയൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook