ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ തെളിവ് ചോദിച്ച പ്രതിപക്ഷത്തെ വീണ്ടും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമര്‍ശനം. ‘അത് നടന്നിട്ട് ഒരു മാസമാകുന്നു. പാക്കിസ്ഥാന്‍ ഇപ്പോഴും മൃതദേഹങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇന്ത്യ ഭീകരര്‍ക്കെതിരെ നടപടിയെടുത്ത് അവരുടെ മണ്ണില്‍ കയറി അവരെ കൊലപ്പെടുത്തുമ്പോഴും ഇവിടെ ചിലര്‍ തെളിവുകള്‍ ചോദിക്കുകയാണ്.’
ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഭീകരരുടെ ക്യാംപുകള്‍ തകര്‍ക്കുകയും 300 ഭീകരവാദികളെ വധിക്കുകയും ചെയ്തു എന്ന സര്‍ക്കാരിന്റെ വാദത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ആക്രമിച്ചുകൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. വ്യോമാക്രമണത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ പാക്കിസ്ഥാനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.
ബഹിരാകാശത്ത് ‘ചൗക്കിദാറി’നെ (കാവല്‍ക്കാരന്‍) നിയമിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സര്‍ക്കാരുകള്‍ക്കാകണം ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതെന്നും മോദി പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടേയും റെയില്‍വേയുടേയും വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നുവെന്നും മോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് വീട്, മൂവായിരം വീടുകളില്‍ വൈദ്യുതി, 40 ലക്ഷം ഗ്യാസ് കണക്ഷന്‍ എന്നിവ സര്‍ക്കാര്‍ നല്‍കിയതായും മോദി അവകാശപ്പെട്ടു.