കറാച്ചി: ദക്ഷിണ പാക്കിസ്ഥാനിലെ ഒരു ആരാധനലയാ കേന്ദ്രത്തിന് അടുത്തുണ്ടായ സ്ഫോടനത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരുക്കേറ്റു. സിന്ധ് പ്രവിശ്യയിലെ ഷെഹ്‍വാന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലാല്‍ ഷഹ്ബാസ് ഖലന്ദറിന് അടുത്താണ് സ്ഫോടനം ഉണ്ടായതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖോറസാന്‍ പ്രവിശ്യ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
ആരാധനാകേന്ദ്രത്തില്‍ സൂഫി ആചാരമായ ദമാല്‍ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. പള്ളിയില്‍ സൂഫിവര്യന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ചുറ്റും വിശ്വാസികള്‍ കൂടി നില്‍ക്കുമ്പോഴാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ സ്ത്രീകള്‍ക്കായി ഒരുക്കിയ പ്രാര്‍ത്ഥനാ പ്രദേശത്ത് ചാവേറാക്രമണമാണ് നടന്നതെന്നാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രദേശത്ത് സമയത്തിന് ആംബുലന്‍സ് എത്തിക്കാന്‍ കഴിയാതെ പോയത് മരണസംഖ്യ ഉയരാന്‍ കാരണമായേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി തുടരെത്തുടരെയാണ് പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഈ ദിവസങ്ങള്‍ പ്രയാസകരമാണെന്നും ഇരകള്‍ക്കൊപ്പം തന്റെ ഹൃദയം നിലകൊള്ളുന്നതായും ഷെരീഫ് പ്രസ്ഥാവനയില്‍ പറഞ്ഞു.
സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേറാക്രമണത്തില്‍ ഏവ് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്നും ആക്രമണം നടന്നത്. പാക് താലിബാനു കീഴിലുള്ള ജമാഅത്തുല്‍ അഹ്റാറാണ് കഴിഞ്ഞ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
തിങ്കളാഴ്ച്ച ലാഹോറില്‍ നടന്ന ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ചാവേര്‍ ഓടിച്ചു കയറ്റിയ ബൈക്ക് പൊട്ടിത്തെറിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്വവും ജമാഅത്തുല്‍ അഹ്റാറാണ് ഏറ്റെടുത്തത്.