ഇസ്ലാമാബാദ്: ഇന്ത്യ ഇതുവരെ കുൽഭൂഷൺ യാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിട്ടില്ലെന്ന് പാക്കിസ്ഥാൻ. ജാദവിന്റെ പാസ്പോർട്ട്, ജോലി സംബന്ധിച്ച ചോദ്യങ്ങൾക്കാണ് ഇന്ത്യ മറുപടി നൽകാതിരുന്നതെന്നാണ് പാക്കിസ്ഥാന്റെ വാദം.

“കമ്മാന്റർ കുൽഭൂഷൺ യാദവിന് ഹുസൈൻ മുബാറക് പട്ടേൽ എന്ന പാസ്പോർട്ട് ലഭിച്ചത് എപ്രകാരമാണെന്ന ഞങ്ങളുടെ ചോദ്യത്തിന് ഇന്ത്യ ഇതുവരെ മറുപടി നൽകാത്തത് ഖേദകരമാണ്. ഇന്ത്യൻ നേവിയിൽ ഇദ്ദേഹം വിരമിച്ചതിന്റെ രേഖകളും ഇന്ത്യ നൽകിയില്ല”, വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ പറഞ്ഞു.

“ഇന്ത്യക്ക് വേണ്ടി സേവനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ നേവൽ കമ്മാന്റർ കുൽഭൂഷൺ യാദവിനെയാണ് ഞങ്ങൾ അറസ്റ്റ് ചെയ്തത്”, എന്ന് ഫൈസൽ പറഞ്ഞു. പാക്കിസ്ഥാനിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിലെ പങ്ക് കുൽഭൂഷൺ യാദവ് തുറന്നുസമ്മതിച്ചതുമാണ്.

പാക്കിസ്ഥാനിലെ പട്ടാള കോടതി 47കാരനായ ജാദവിന് വധശിക്ഷ വിധിച്ചതോടെ ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോയി അനുകൂല വിധി തേടുകയായിരുന്നു. പത്തംഗ ഡിവിഷൻ ബെഞ്ചിൽ നിന്ന് ഇന്ത്യക്കനുകൂലമായ വിധി വന്നതോടെയാണ് വധശിക്ഷ നടപ്പാകാതിരുന്നത്.

ഇറാനിൽ നിന്ന് ബലൂചിസ്ഥാനിലേക്ക് കടന്ന ജാദവിനെ ഇവിടെ നിന്നും 2016 മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പാക്കിസ്ഥാൻ വാദിച്ചത്. എന്നാൽ ഇത് നുണയാണെന്ന് പറഞ്ഞ ഇന്ത്യ, ഇറാനിൽ ബിസിനസ് നടത്തുകയായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയി അറസ്റ്റുചെയ്യുകയായിരുന്നുവെന്നാണ് വാദിച്ചത്.

ഇന്ത്യയും അമേരിക്കയും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയതോടെ ജാദവിന്റെ വിഷയം ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ പാക്കിസ്ഥാൻ ഉന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ