ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് വിഷയത്തിലെ നയതന്ത്ര ഏറ്റുമുട്ടലിനിടെ ഇന്ത്യക്കാർക്ക് സന്തോഷം നൽകുന്ന തീരുമാനം എടുത്ത് പാക്കിസ്ഥാൻ സർക്കാർ. പാക് ജയിലിൽ കഴിയുന്ന 145 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ വിട്ടയച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. സമുദ്രാതിർത്തി ലംഘിച്ചതിന് പിടിയിലായ മൽസ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാൻ മോചിപ്പിച്ചത്.
കറാച്ചിയിലെ ജയിലിൽ ആയിരുന്ന ഇവരെ മോചിപ്പിച്ചു. ഇവരെ റോഡ് മാർഗം വാഗ അതിർത്തിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 145 പേരെയും വാഗാ അതിർത്തിയിൽവച്ച് ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാൻ അധികൃതർ വ്യക്തമാക്കി.
ഗുജറാത്ത്, ഡിയു സ്വദേശികളാണ് മോചിതരായവരിൽ ഭൂരിഭാഗം പേരും. 3 വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്നു ഇവർ. സമുദ്രാതിർത്തി ലംഘിച്ചതിന് പാക്കിസ്ഥാൻ നാവികസേനയാണ് ഇവരെ പിടികൂടിയത്. സമുദ്രാർതിർത്തി ലംഘിക്കുന്നതിന് ആറ് മാസം മാത്രമാണ് ശിക്ഷയെങ്കിലും പൗരത്വ പരിശോധനയാണ് ഇവരുടെ മോചനം വൈകിപ്പിച്ചത്.