ലാഹോർ: ഇന്ത്യയിൽ നിന്ന് കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യാനുള്ള ഇക്കണോമിക് കോർഡിനേഷൻ കമ്മിറ്റിയുടെ (ഇസിസി) നിർദേശം പാക്കിസ്ഥാൻ മന്ത്രിസഭ തള്ളിയതായി റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യുന്നതിനു ഏർപ്പെടുത്തിയ രണ്ട് വർഷത്തിലേറെയായ വിലക്ക് നീക്കാൻ ഇക്കണോമിക് കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായി പുതുതായി ചുമതലയേറ്റ ധനകാര്യമന്ത്രി ഹമ്മദ് അസർ ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ഇതിനു പിന്നാലെയാണ് ഇറക്കുമതി നിർദേശം പാക് മന്ത്രിസഭ തള്ളിയതായി പ്രമുഖ മാധ്യമങ്ങളിൽ വാർത്ത വരുന്നത്.
ഇന്ത്യയിൽ നിന്ന് കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യുന്നത് പുനഃരാരംഭിക്കാനുള്ള നിർദേശം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന യോഗമാണ് തള്ളിയതെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമായിട്ടില്ല.
Read Also: രാഹുലിന്റെ റോഡ് ഷോയിൽ ലീഗ് പതാക അഴിപ്പിച്ചെന്ന് സിപിഎം; പ്രതിരോധിച്ച് യുഡിഎഫ്, രാഷ്ട്രീയപ്പോര്
ഇക്കണോമിക് കോർഡിനേഷൻ കമ്മിറ്റിയുടെ നിർദേശങ്ങൾക്കെല്ലാം മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഏറ്റവും അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യാനുള്ള നിർദേശം മന്ത്രിസഭായോഗത്തിൽ അംഗീകരിച്ചില്ല.
കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യുന്നത് പുനഃരാരംഭിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയിൽ അയവ് വരുമെന്നാണ് ലോകം ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് 2019 ൽ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര, കോട്ടൺ ഇറക്കുമതി പാക്കിസ്ഥാൻ അവസാനിപ്പിച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനു ഏർപ്പെടുത്തിയ വിലക്ക് പാക്കിസ്ഥാൻ നീക്കിയിരുന്നു.