ജനീവ: ജമ്മു കശ്മീരിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി വീണ്ടും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രതിനിധികൾ തമ്മിൽ വാക്പോര്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലാണ് കശ്മീരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പരാതി ഉന്നയിച്ചത്.

ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ എന്ന സംഘടനയെ പ്രതിനിധീകരിച്ചാണ് പാക് പ്രതിനിധി ഇന്ത്യക്കെതിരെ രംഗത്ത് വന്നത്. എന്നാൽ ഇന്ത്യൻ പ്രതിനിധി പാക് നയതന്ത്ര ഉദ്യോഗസ്ഥനെ നിശിതമായി വിമർശിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിൽ വാക്പോരിന് കളമൊരുങ്ങുകയായിരുന്നു.

“മനുഷ്യാവകാശത്തെ മറയാക്കി പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്,” എന്ന് ഇന്ത്യൻ പ്രതിനിധി കുറ്റപ്പെടുത്തി. കുൽഭൂഷൺ യാദവിനെ ഇരു രാജ്യങ്ങൾക്കുമിടയിലെ സമാധാനം നഷ്ടപ്പെടുത്താൻ ഇന്ത്യ നിയോഗിച്ച ചാരനെന്ന് ഇന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.

എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന് യാതൊരു കാര്യവുമില്ലെന്ന ഇന്ത്യയുടെ മറുപടി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. “ഇന്ത്യക്കെതിരായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന്റെ എല്ലാ വാദങ്ങളെയും ഞങ്ങൾ തള്ളുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒഐസിക്ക് ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല,” ഇന്ത്യൻ നയതന്ത്ര പ്രതിനിധി സുമിത് സേതി വ്യക്തമാക്കി.

ഒഐസിക്ക് വേണ്ടി സംസാരിച്ച പാക് പ്രതിനിധി ഖാസി സലിം അഹമ്മദ് ഖാൻ കശ്മീരിനെ പലസ്‌തീനുമായി താരതമ്യം ചെയ്തു. ഇസ്രയേലിൽ വിചാരണ നേരിടുന്ന 17കാരി അഹെദ് തമീമിയും കശ്മീരിൽ കാഴ്ച നഷ്ടപ്പെട്ട 16 കാരി ഇൻഷ മുഷ്താഖിനെയും പരാമർശിച്ചായിരുന്നു താരതമ്യം.

എന്നാൽ പാക്കിസ്ഥാൻ ബലൂചിസ്ഥാനിൽ തുടരുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യ പ്രതിരോധം ശക്തമാക്കി. പത്ത് ലക്ഷത്തിലേറെ ജനങ്ങളാണ് ഇവിടെ പാക്കിസ്ഥാന്റെ ക്രൂരതയ്ക്ക് ഇരയാകുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. “ബലൂചിസ്ഥാനിൽ ജനങ്ങൾ അനധികൃതമായി തടവിലാക്കപ്പെടുകയും നിയമവിരുദ്ധമായി കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ എന്ത് നിലപാടാണ് തുടരുന്നത്?” ഇന്ത്യ തിരിച്ചടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook