ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിൽ ഹസർഗഞ്ച് പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരുക്കേറ്റു. ഹസ്റ സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) അബ്ദുൾ റസാഖ് ചീമ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ടവരിൽ 7 പേർ ഹസ്റ സമുദായത്തിൽനിന്നുളളവരാണ്. സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയതായി പൊലീസ് പറഞ്ഞു.
സ്ഫോടനത്തിൽ പരുക്കേറ്റവരെ ബോലൻ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. പൊലീസും റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
PM @ImranKhanPTI strongly condemns #QuettaBlast and directs to provide best possible medical treatment to injured https://t.co/gd4CO7BFTC #Quetta, #Balochistan pic.twitter.com/ZaS4Ihtf90
— Radio Pakistan (@RadioPakistan) April 12, 2019
സ്ഫോടനത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ബലൂചിസ്ഥാൻ മുഖ്യമന്ത്രി ജാം കമലും ശക്തമായി അപലപിച്ചതായി റേഡിയോ പാക്കിസ്ഥാൻ ട്വീറ്റ് ചെയ്തു. പരുക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി.