ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്-19 ടെസ്റ്റ് നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഈദ്ഹി ഫൗണ്ടേഷന്റെ ചെയർമാൻ ഫൈസൽ ഈദ്ഹി കൊറോണ ദുരിതാശ്വാസ നിധിയിലേക്കുളള ചെക്ക് കൈമാറാനായി ഇമ്രാൻ ഖാനെ കാണാനെത്തിയിരുന്നു. ഇദ്ദേഹത്തിന് പിന്നീട് കൊറോണ പോസിറ്റീവാണെന്ന് ടെസ്റ്റിൽ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഇമ്രാൻ ഖാനെയും ടെസ്റ്റിന് വിധേയമാക്കിയതെന്ന് ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ഇമ്രാൻ ഖാന് ടെസ്റ്റ് നടത്തിയതായി അദ്ദേഹത്തിന്റെ പേഴ്സണൽ ഫിസിഷ്യൻ ഫൈസൽ സുൽത്താൻ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉത്തരവാദിത്തമുളള പൗരനാണ് താനെന്ന് കാണിക്കുന്നതിനാണ് പ്രധാനമന്ത്രി ടെസ്റ്റ് നടത്തിയത്. ഞങ്ങൾ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുകയും അതിനനുസരിച്ച് ശുപാർശകൾ നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇമ്രാൻ ഖാൻ തന്റെ ദൈനംദിന ജോലികൾ ചെയ്യുന്നുണ്ട്. കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഇമ്രാൻ ഖാന്റെ പരിശോധനാ ഫലം അധികം വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.
Read Also: കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 1.30 കോടി നൽകി വിജയ്; കേരളത്തിന് 10 ലക്ഷം
ഏപ്രിൽ 15 ന് ഇസ്‌ലാമാബാദിൽ വച്ച് ഇമ്രാൻ ഖാനുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് തന്റെ പിതാവ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയതെന്ന് ഫൈസൽ ഈദ്ഹിയുടെ മകൻ സാദ് ഡോൺ ദിനപത്രത്തോട് നേരത്തെ പറഞ്ഞിരുന്നു. നാലു ദിവസത്തോളം രോഗലക്ഷണങ്ങൾ നീണ്ടുനിന്നു. നിലവിൽ പിതാവ് ഇസ്‌ലാമാബാദിലാണുളളത്. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. അദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചില്ലെന്നും സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും മകൻ പറഞ്ഞു.
നിലവിൽ പാക്കിസ്ഥാനിൽ 9,800 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 209 പേരാണ് ഇതുവരെ മരിച്ചത്. കൊറോണ വ്യാപനം തടയാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ റമദാൻ മാസത്തിൽ പളളികൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്ന് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Also: Pakistan PM Imran Khan undergoes coronavirus test: Report