ന്യൂഡല്‍ഹി: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. അനാരോഗ്യത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവയവങ്ങളിലും കോശങ്ങളിലും അമിലോയിഡ് എന്ന അസാധാരണമായ പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗം പിടിപ്പെട്ടിരുന്നുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍, അമിലോയിഡോസിസ് എന്ന അസുഖത്തെത്തുടര്‍ന്ന് മുഷറഫിനെ മൂന്നാഴ്ചയോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.
വീണ്ടെടുക്കാന്‍ കഴിയാത്തതും അവയവങ്ങള്‍ തകരാറിലാകുന്നതുമായ ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് മുഷറഫ് കടന്നുപോകുന്നത്. ദൈനംദിന ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുക. കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയില്‍ മുഷറഫിന്റെ കുടുംബം പറഞ്ഞു.
പാകിസ്ഥാന്‍ ആര്‍മിയുടെ ഫോര്‍-സ്റ്റാര്‍ ജനറലായ മുഷറഫ് 1999-ല്‍ സര്‍ക്കാര്‍ സൈന്യം ഏറ്റെടുത്തതിന് ശേഷം പാകിസ്ഥാന്റെ പത്താമത്തെ പ്രസിഡന്റായി. 1999 ഒക്ടോബര്‍ മുതല്‍ 2002 നവംബര്‍ വരെ പാകിസ്ഥാന്റെ ചീഫ് എക്‌സിക്യൂട്ടീവും ജൂണ്‍ 2001 മുതല്‍ ഓഗസ്റ്റ് 2008 വരെ പ്രസിഡന്റുമായിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016 മാര്‍ച്ച് മുതല്‍ ദുബായില്‍ താമസിക്കുന്ന അദ്ദേഹം 2007 ല്‍ ഭരണഘടന സസ്‌പെന്‍ഡ് ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.