ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലഷ്കറെ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ പിന്തുണയിലുളള രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. നാലംഗ പാനലാണ് ഹാഫിസിന്റെ മില്ലി മുസ്ലിം ലീഗ് (എംഎംഎല്‍) പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കിയതെന്ന് കമ്മീഷന്‍ വക്താവ് ഹാറൂണ്‍ ഖാന്‍ പറഞ്ഞു.

ഭീകരവാദ സംഘടനയുമായി ബന്ധമുളള ഇത്തരം പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് റസാ ഖാന്‍ അന്തിമവാദത്തിനിടെ എംഎംഎലിന്റെ അഭിഭാഷകനോട് വ്യക്തമാക്കി.

166 പേരുടെ മരണത്തിന് ഇടയാക്കി മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിക്കപ്പെടുന്ന ലഷ്കറെ ത്വയ്ബയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇത്തരം പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദം നല്‍കിയാല്‍ രാഷ്ട്രീയത്തില്‍ അക്രമവും ഭീകരവാദവും നടമാടുമെന്നും കമ്മീഷന്‍ വിലയിരുത്തി. ഹാഫിസ് സയീദിനെ അമേരിക്ക ഭീകരരുടെ പട്ടികയില്‍ പെടുത്തുകയും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ താവളമൊരുക്കുകയാണ് ചെയ്യുന്നതെന്ന ട്രംപിന്റെ പരാമര്‍ശത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അകല്‍ച്ചയിലുമാണ്. നിലവില്‍ പാക്കിസ്ഥാനില്‍ കരുതല്‍ തടങ്കലില്‍ കഴിയുകയാണ് സയീദ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ