ഇസ്‌ലാഹാബാദ്: ഹിസ്ബുള്‍ മുജാഹിദ്ദീൻ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്ക് ചരമ വാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീർ താഴ്‌വരയിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്ന യുവാക്കൾക്ക് വാനി ചിന്തിയ രക്തം പുതിയ ഊർജം പകരും. സ്വാതന്ത്ര്യത്തിനായി നടത്തുന്ന പോരാട്ടം ജനങ്ങൾ തുടരണമെന്നും സേനയെ ഉപയോഗിച്ച് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അവകാശങ്ങൾക്കായി പോരാടുന്ന കശ്മീർ ജനതയ്ക്ക് പാക്കിസ്ഥാന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ഷെരീഫ് അറിയിച്ചു. കശ്മീർ ജനങ്ങളുടെ സ്വയം നിർണയ അവകാശത്തെ ഇന്ത്യ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വയും വാനിക്ക് ആദരാഞ്ജലി അർപ്പിച്ചു.
കശ്മീരിൽ ഇന്ത്യൻ സേനയ്ക്കു നേരെ നടന്ന നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് ബുർഹാൻ വാനിയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ കശ്മീരിൽ ഉടലെടുത്ത സംഘര്‍ഷം അഞ്ചുമാസം നീണ്ടുനിന്നു. പ്രക്ഷോഭകരും സൈനികരും ഉൾപ്പെടെ 78 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.