ലാഹോർ: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് പുരസ്കാരം നൽകണമെന്നാണ് ആവശ്യം.
പാക് മന്ത്രിയായ ഫവാദ് ചൗധരി ദേശീയ അസംബ്ലയിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. ഇതിന് പുറമേ ഇമ്രാന്‍ ഖാന് പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ കാമ്പയിനും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. ഇമ്രാന് നൊബേൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2,00,000 പേർ ഒപ്പിട്ട കത്തും തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യ-പാക് ബന്ധം വഷളായിരുന്ന സാഹചര്യത്തില്‍ സമാധാനം തിരികെ സ്ഥാപിക്കുന്ന നടപടിയാണ് ഇമ്രാന്‍ ചെയ്തതെന്നാണ് വാദം. സൈനിക ദൗത്ത്യത്തിനിടെയാണ് പാക്കിസ്ഥാനില്‍ വെച്ച് അഭിനന്ദന്‍ പിടിയിലായത്. തുടര്‍ന്ന് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇമ്രാന്‍ പ്രഖ്യാപിക്കുകയായിരുന്നു.