ന്യൂഡല്‍ഹി: കേരളത്തിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹായ വാഗ്ദാനം. പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് ആവശ്യമെങ്കില്‍ സഹായം നല്‍കും എന്നറിയിച്ച ഇമ്രാന്‍ ഖാന്‍ ദുരന്തബാധിതര്‍ക്കായി പ്രാര്‍ഥിക്കുന്നതായും അറിയിച്ചു

ഇമ്രാന്‍ ഖാന്റെ ട്വീറ്റ് :

പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വേണ്ടി വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സ്നേഹാദരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ എന്ത് മാനുഷിക സഹായം നല്‍കാനും ഞങ്ങള്‍ തയ്യാറാണ് എന്നും അറിയിക്കുന്നു എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ട്വീറ്റ്.

തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി അദ്ധ്യക്ഷനായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ഓഗസ്റ്റ് 18നാണ്. പാക്കിസ്ഥാന്‍ സൈന്യവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് ഇമ്രാന്‍ ഖാന്‍. മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ കോണ്‍ഗ്രസ് എംപിയും ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ധുവിനെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വിളിച്ചത് ബിജെപി വിവാദമാക്കിയിരുന്നു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുന്നതോടെ ഇന്ത്യാ- പാക്ക് ബന്ധം മെച്ചപ്പെടുമോ എന്ന ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി അദ്ദേഹം എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook