കറാച്ചി: പുതിയ പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ തിരഞ്ഞെടുത്തതായി ദ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് പിഎംഎൽ-എൻ നേതാവ് ഷെഹ്ബാസ് ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
വോട്ടെടുപ്പിന് മുന്നോടിയായി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നടപടിക്രമങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. പുതിയ പാകിസ്ഥാൻ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പിടിഐ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഷാ മഹ്മൂദ് ഖുറേഷി പ്രഖ്യാപിച്ചിരുന്നു. പിടിഐ എംപിമാർ പാർലമെന്റിൽ നിന്ന് രാജിവച്ച് വാക്കൗട്ട് നടത്തുകയും ചെയ്തു.
പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് ഷഹബാസ് ഷെരീഫ് മത്സരിച്ചത്. ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ)യുടെ സ്ഥാനാര്‍ഥിയായി വൈസ് ചെയര്‍മാന്‍ ഷാ മുഹമ്മദ് ഖുറേഷിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകൾ നിലനിൽക്കുന്ന ഷെഹ്ബാസ് ഷെരീഫിനെതിരെ പി.ടി.ഐ നേതാവ് ബാബർ അവാൻ രംഗത്തെത്തിയിരുന്നു. ഷെരിഫിന്റെ പത്രിക തള്ളിയില്ലെങ്കിൽ ദേശീയ അസംബ്ലിയിൽ നിന്ന് എല്ലാ അംഗങ്ങളും രാജിവയ്ക്കുമെന്ന് ഇമ്രാൻ ഖാന്റെ പാർട്ടി ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ പി.ടി.ഐ ഉന്നയിച്ച എതിർപ്പുകൾ തള്ളി, ഷെരീഫിന്റെ നാമനിർദ്ദേശ പത്രിക ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ് സ്വീകരിക്കുകയായിരുന്നു.
അതിനിടെ, പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇമ്രാൻ ഖാൻ അനുകൂലികളുടെ കൂറ്റൻ പ്രകടനങ്ങൾ നടക്കുകയാണ്. കറാച്ചി, പെഷാവർ, ലാഹോർ അടക്കം 12 നഗരങ്ങളിലാണ് പ്രകടനങ്ങൾ. അർധരാത്രി ഉൾപ്പെടെ നിരവധിപേരാണ് നഗരത്തിൽ തടിച്ചു കൂടിയത്. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്നാണ് ഇവരുടെ ആരോപണം.