പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഷിയ മുസ്ലിം പള്ളിയിലുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ 65 പേര്‍ മരിച്ചു. 194 പേർക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു.
പെഷവാറിലെ പഴയ നഗരത്തിലെ കുച്ച റിസാല്‍ദാര്‍ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു വിശ്വാസികള്‍ ഒത്തുകൂടിയ സമയത്താണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന്‍ വഹീദ് ഖാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ലേഡി റീഡിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തില്ല. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും പാകിസ്ഥാന്‍ താലിബാന്‍ സംഘടനയും അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്ത് സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
Also Read: Ukraine Russia War Live Updates: സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു
താന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നതിനിടെ ശക്തമായ സ്ഫോടനം നടന്നതെന്നു സംഭവത്തിനു ദൃക്‌സാക്ഷിയായ ഷയാന്‍ ഹൈദര്‍ പറഞ്ഞു. ഇദ്ദേഹം തെരുവിലേക്ക് തെറിച്ചുവീണു. എല്ലായിടത്തും പൊടിയും മൃതദേഹങ്ങളുമാണു പിന്നീട് കണ്ട കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു. സുന്നി മുസ്ലിങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങള്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത് തുടര്‍ക്കഥായാണ്.