/indian-express-malayalam/media/media_files/uploads/2023/01/Peshwar-blast.jpg)
പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ പള്ളിയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. അതീവ സുരക്ഷാമേഖലയിലെ പള്ളിയില്‍ ഉച്ചസമയത്തെ പ്രാര്‍ഥനയ്ക്കിടെയാണു സംഭവം.
പൊലീസ് ലൈന്‍സ് പ്രദേശത്തെ പള്ളിയില്‍ സുഹ്ര്‍ നിസ്‌കാരത്തിനിടെ ഉച്ചയ്ക്ക് 1.40 ഓടെയാണു സ്ഫോടനമുണ്ടായത്. മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍, സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥരാണു പള്ളിയിലുണ്ടായിരുന്നവരില്‍ ഏറെയും.
46 പേര്‍ മരിച്ചതായി ലേഡി റീഡിങ് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, 38 പേരുടെ പട്ടികയാണു പെഷവാര്‍ പൊലീസ് പുറത്തുവിട്ടത്.
പരുക്കേറ്റവരില്‍ കൂടുതലും പൊലീസുകാരാണ്. 13 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടി ടി പി) കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടതിനോടുള്ള പ്രതികാരമാണു ചാവേര്‍ ആക്രമണമെന്നു സഹോദരന്‍ അവകാശപ്പെട്ടു. ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനിലാണ് ഉമര്‍ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന ഈ നിരോധിത സംഘടന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മുന്‍പും നിരവധി ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
രണ്ടുനില കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളി തകരുമ്പോള്‍ 260 ഓളം പേര്‍ അതിലുണ്ടായിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ''കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. നിരവധി ആളുകള്‍ അതിനടിയിലുണ്ടെന്നു കരുതുന്നു,'' പൊലീസ് ഉദ്യോഗസ്ഥന്‍ സിക്കന്ദര്‍ ഖാന്‍ പറഞ്ഞു.
നിരവധി ജവാന്മാര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും പെഷവാര്‍ കാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍ (സി സി പി ഒ) മുഹമ്മദ് ഇജാസ് ഖാനെ ഉദ്ധരിച്ച് ഡോണ്‍ പത്രം പറഞ്ഞു.
സ്ഫോടനസമയത്ത് 300 മുതല്‍ 400 വരെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് ഖാന്‍ പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിച്ചതായി വ്യക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാലുനിര സുരക്ഷാ സംവിധാനം കടന്നുവേണം മസ്ജിദില്‍ പ്രവേശിക്കാന്‍.
അവശിഷ്ടങ്ങള്‍ നീക്കാനും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനും പൊലീസും പ്രദേശവാസികളും പരിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷനായ പിടിവി സംപ്രേഷണം ചെയ്തു. മസ്ജിദിന്റെ തകര്‍ന്ന മതിലിനു ചുറ്റും ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതു പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഒരു ഫൊട്ടോ കാണിക്കുന്നു.
ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും പെഷവാറിലെ കാവല്‍ മുഖ്യമന്ത്രി അസം ഖാനും ശക്തമായി അപലപിച്ചു. സംഭവത്തിനു പിന്നിലുള്ള അക്രമികള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
സ്ഫോടനത്തെത്തുടര്‍ന്ന് ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇസ്ലാമാബാദില്‍ എല്ലാ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളിലും സുരക്ഷ വര്‍ധിപ്പിച്ചു. 'പ്രധാന സ്ഥലങ്ങളിലും കെട്ടിടങ്ങളിലും' സ്‌നിപ്പര്‍മാരെ വിന്യസിച്ചു.
കഴിഞ്ഞ വര്‍ഷം പെഷവാറിലെ കൊച്ച റിസാല്‍ദാര്‍ പ്രദേശത്തെ ഷിയാ പള്ളിയിലുണ്ടായ സമാനമായ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us