ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പൂര്‍ണമായി നീക്കി. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചിട്ടത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഫെബ്രുവരി 26 നാണ് ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 12.41 മുതലാണ് വ്യോമപാത തുറന്നുള്ള പാക് തീരുമാനം വരുന്നത്. സാധാരണ ഗതിയില്‍ പാക്കിസ്ഥാന്‍ വ്യോമമാര്‍ഗത്തിലൂടെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്നും അറിയിപ്പുണ്ടായി.

പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിന് പിന്നാലെ  ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് എയർ ഇന്ത്യയ്ക്കാണ്. എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടം  ഉണ്ടായി.  ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സർവീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. യൂറോപ്പിലേക്ക് പോകാൻ മൂന്ന് മണിക്കൂറോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥ വന്നിരുന്നു.

ബാലാകോട്ടിൽ ജയ്ഷെ മുഹമ്മദ് ഭീകരവാദ ക്യാമ്പുകൾക്ക് നേരെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് തിരിച്ചടിയായി. പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ വ്യോമാക്രണം നടത്തിയത്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ് ഇന്ത്യ വ്യോമാക്രമണത്തിലൂടെ ചെയ്തതെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ച നടത്താൻ തയ്യാറല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും രാജ്യങ്ങൾക്കിടയിൽ വിള്ളലായി. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook