ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ തീരുമാനം. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കുല്‍ഭൂഷനെ നാളെ കാണാന്‍ സാധിക്കും. അതേസമയം, പാക്കിസ്ഥാന്റെ വാഗ്ദാനം പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. രണ്ട് ആഴ്ച മുമ്പാണ് കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടത്.
നയതന്ത്ര തലത്തില്‍ തന്നെ പാക്കിസ്ഥാന് മറുപടി നല്‍കുമെന്നും പാക്കിസ്ഥാനുമായി ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ നിയമം അനുസരിച്ചായിരിക്കും നയതന്ത്ര സഹായം നല്‍കുക എന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്.
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടയുകയായിരുന്നു. കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ കോടതി നിർദേശിച്ചിരുന്നു. പാക് സൈനിക കോടതിയുടെ വിധി പുനഃപരിശോധിക്കാനും നിർദേശിച്ചിരുന്നു. രാജ്യാന്തര നീതിന്യായ കോടതിയിലെ 16 ല്‍ 15 ജഡ്ജിമാരും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു.
കുല്‍ഭൂഷന്റെ അവകാശങ്ങളെ പാക്കിസ്ഥാന്‍ നിഷേധിച്ചെന്നും, ഇന്ത്യ കുല്‍ഭൂഷനുമായി ബന്ധപ്പെടുന്നത് തടഞ്ഞെന്നും, ഇതിലൂടെ പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്നും രാജ്യാന്തര നീതിന്യായ കോടതി പറഞ്ഞിരുന്നു. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധി പ്രസ്താവം വായിച്ചത്.
2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്നാണ് ഇന്ത്യന്‍ നാവിക സേനയില്‍ നിന്നും വിരമിച്ച 49 കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം മേയ് ആദ്യം വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചത്. മേയ് മാസത്തില്‍ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
ജാദവിനെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാക്കിസ്ഥാന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാക്കിസ്ഥാന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കവെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്യുകയായിരുന്നു.