ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ ആണവശേഷിയെക്കുറിച്ചുളള ഇന്ത്യൻ കരസേനാ മേധാവിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യൻ സൈനിക മേധാവിയുടെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്ത രഹിതമായ പ്രസ്താവനയാണെന്ന് ഖ്വാജ പറഞ്ഞു.

അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കുന്ന പ്രസ്താവനയല്ല ഇത്. ആണവ ആക്രമണത്തിനുളള ക്ഷണത്തിനു തുല്യമാണിത്. ഇനി അതാണ് അവര്‍ (ഇന്ത്യ) ആഗ്രഹിക്കുന്നതെങ്കില്‍ പാക്കിസ്ഥാന്‍ അതിനു തയ്യാറാണ്. ജനറലിന്റെ (ബിപിന്‍ റാവത്ത്) സംശയം എത്രയും പെട്ടെന്ന് തീര്‍ത്തുകൊടുക്കാമെന്നും ഖ്വാജ ട്വിറ്ററിൽ കുറിച്ചു.

ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ പാക്കിസ്ഥാൻ സർവശക്തമാണെന്ന് വിദേശകാര്യവക്താവ് ഡോ.മുഹമ്മദ് ഫൈസൽ പറഞ്ഞു.

കഴിഞ്ഞ വെളളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്ത് പാക്കിസ്ഥാന്റെ ആണവശേഷിയെക്കുറിച്ച് പരിഹസിച്ചത്. പാക്കിസ്ഥാന്റെ ആണവ ശക്തിയെക്കുറിച്ചുളള വീമ്പിളക്കൽ ഇല്ലാതാക്കാൻ സൈന്യം തയ്യാറാണ്. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ സൈന്യം തയ്യാറാണെന്നായിരുന്നു ബിപിൻ റാവത്ത് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ