ന്യൂഡല്‍ഹി: ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ പാക്കിസ്ഥാന്റെ സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതായി പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ ഇന്ത്യന്‍ ശ്രമം വിജയകരമായി തകര്‍ത്തു എന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ‘മുങ്ങിക്കപ്പല്‍ പാക് സമദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. നാവികസേന തങ്ങളുടെ സാമര്‍ത്ഥ്യത്തിലൂടെ ഇത് വിഫലമാക്കി,’ എന്നാണ് പാക് നാവികസേന പ്രസ്താവനയില്‍ അറിയിച്ചത്. ന്യൂഡല്‍ഹി ഇതില്‍ നിന്ന് പഠിക്കണമെന്നും സമാധാനത്തിന് ശ്രമം നടത്തണമെന്നും പാക് നാവികസേന അറിയിച്ചു.

സമുദ്രാതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം അവസാനിപ്പിക്കണമെന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ നാവികസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിയ്ക്കും. താഴ്വരയില്‍ പാക്കിസ്ഥാന്‍ ഭീകരവാദം വളര്‍ത്തുകയാണെന്നും നാവിക സേന കുറ്റപ്പെടുത്തി. രാജ്യത്തേക്ക് കടൽ മാര്‍ഗം ഭീകരർ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനിൽ ലാംബ പറയുന്നു.

കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ഇത് സംബന്ധിച്ച് ഫിഷറീസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു. കടലിൽ അസാധാരണമായ രീതിയിൽ അന്തർവാഹിനികളുടെയോ, കപ്പലുകളുടേയോ സാന്നിധ്യമോ സംശയാസ്പദമായി മറ്റെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാലും ഉടന്‍ തന്നെ നാവികസേനയെയോ, ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് നിർദ്ദേശം നല്‍കിയത്. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ