ജയ്‌പൂർ: ജയ്‌പൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന പാക് വംശജനെ മറ്റു തടവുകാർ ചേർന്ന് കൊലപ്പെടുത്തി. പാക് വംശജനും മറ്റു തടവുകാരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതേസമയം, തർക്കമുണ്ടാകാനുളള കാരണം വ്യക്തമല്ല.

ഷാക്കറുളള എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്. 2011 മുതൽ ഇയാൾ ജയ്‌പൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പാക് വംശജനായ തടവുകാരനെ കൊലപ്പെടുത്തിയെന്ന് ഐജി രുപിന്ദർ സിങ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിനു പിന്നാലെ ജില്ലാ ഭരണാധികാരികളും അഡീഷണൽ പൊലീസ് ഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

പുൽവാമ ഭീകരാക്രമണം നടന്ന് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഈ സംഭവം. പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook