പനജി: രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി അവാർഡുകൾ നേടിയ പാക്കിസ്ഥാൻ ചിത്രം ‘സാവൻ’ 48-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐഎഫ്എഫ്ഐ) പ്രദർശിപ്പിക്കില്ല. ഐഎഫ്എഫ്ഐയിലെ വേൾഡ് സിനിമകളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽനിന്നും സാവൻ ചിത്രത്തെ ഒഴിവാക്കി.

2017 ഒക്ടോബർ 26 നാണ് സാവൻ ചിത്രത്തിന്റെ സംവിധായകൻ ഫർഹാൻ അലാമിന് ഫെസ്റ്റിവൽ ഡയറക്ടർ സുനിത് തണ്ടനിൽനിന്നും ഔദ്യോഗിക കത്ത് ലഭിക്കുന്നത്. ഐഎഫ്എഫ്ഐയിൽ സാവൻ ചിത്രം പ്രദർശിപ്പിക്കുന്നതിനുളള ക്ഷണം അറിയിച്ചുകൊണ്ടുളളതായിരുന്നു കത്ത്. എന്നാൽ നവംബർ നാലിന് സീനിയർ പ്രോഗ്രാമർ ദീപ സുശീലൻ ഇ-മെയിലിലൂടെ സാവൻ ഐഎഫ്എഫ്ഐയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നു അറിയിച്ചു. സമയക്കുറവ് മൂലം സാവൻ ഉൾപ്പെടെയുളള ചില ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്നും അതിന് ക്ഷമ ചോദിക്കുന്നതായും ഇ-മെയിൽ പറഞ്ഞിരുന്നു.

ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കാത്തിരുന്ന തനിക്ക് ഇതേറെ നിരാശയാണ് നൽകിയതെന്ന് സംവിധായകൻ ഫർഹാൻ അലാം പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന്റെ ആകാംക്ഷയും ഇന്ത്യൻ ആസ്വാദകർക്ക് മുന്നിൽ എന്റെ ചിത്രം പ്രദർശിപ്പിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു. ഐഎഫ്എഫ്ഐയിൽ എന്റെ ചിത്രം പ്രദർശിപ്പിക്കുന്നത് എനിക്ക് അഭിമാനമാണ്. എന്റെ വർക്ക് അനുഭവങ്ങൾ പങ്കുവയ്ക്കാനും ഇന്ത്യൻ സിനിമാ പ്രവർത്തകരുമായി സംവദിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നുവെന്നും അലാം പറഞ്ഞു.

വൈകല്യമുള്ള ഒരു കുട്ടിയുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമാണ് സാവൻ. നിരവധി രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ആറു അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook