ന്യൂഡൽഹി: കുൽഭൂഷൺ യാദവ് കേസിൽ പാക്കിസ്ഥാൻ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതായി റിപ്പോർട്ടുകൾ. കേസിൽ വീണ്ടും വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് പാക്കിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറ് ആഴ്ചകൾക്കുള്ളിൽ കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയിൽ ഇന്ന് ഹരജി നൽകിയതായി പാകിസ്ഥാനിലെ പ്രമുഖ വെബ് പോർട്ടലായ ദുനിയ റിപ്പോർട്ട് ചെയ്യുന്നു.

കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്റെ നടപടി റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ വാദങ്ങള്‍ കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു. കുല്‍ഭൂഷന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തുകയുംചെയ്തു. അന്തിമ വിധി ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് പാകിസ്ഥാനോടുള്ള കോടതി നിര്‍ദേശം.

ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്. കുൽഭൂഷണ്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാക്കിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചില്ല. അറസ്റ്റ് പോലും ഇന്ത്യ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ശരിയായ വിചാരണ പോലും നടത്താതെയാണ് ശിക്ഷ വിധിച്ചതെന്നും ഇന്ത്യ നേരത്തേ വാദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ