ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ പാക് പങ്ക് വെളിപ്പെടുത്തി ഫെഡറൽ മന്ത്രി ഫവാദ് ചൗദരി. 2019ൽ 40 ഇന്ത്യൻ ജവാന്മാർക്കാണ് പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഈ സംഭവത്തിലാണ് പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി മന്ത്രിയുടെ പ്രസ്താവന.
“നമ്മൾ ഇന്ത്യയെ അവരുടെ നാട്ടിൽ അക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ തന്നെ വിജയമാണ്. ഞാനും നിങ്ങളുമെല്ലാം ആ വിജയത്തിന്റെ ഭാഗമാണ്.” നാഷ്ണൽ അസംബ്ലിയിൽ സംസാരിക്കവെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവേദ് പറഞ്ഞ വാക്കുകളാണിത്.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു മന്ത്രി തന്നെ വ്യക്തമാക്കിയത് വിവാദങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. പാക് വിദേശകാര്യമന്ത്രി ഖുറേഷിയും സൈനിക മേധാവി ജനറൽ ജാവേദ് ബജ്വയും തമ്മിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആയാസ് സാദിഖ് നടത്തിയ വിവാദ വെളിപ്പെടുത്തലിൽ സഭയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചൗധരിയുടെ പ്രസ്താവന സഭയിൽ വലിയ ബഹളമുണ്ടാക്കിയതോടെ മന്ത്രി തന്റെ പ്രസ്താവനയിൽ ചെറിയ തിരുത്തലും വരുത്തി. ‘പുൽവമാ ഭീകരാക്രമണത്തിന് ശേഷം നമ്മൾ ഇന്ത്യയെ അവരുടെ മണ്ണിൽ പോയി ആക്രമിച്ചു’ എന്നാണ് സഭയിലെ തുടർ മറുപടിയിൽ മന്ത്രി പറഞ്ഞത്. നിരപരാധികളെ കൊലപ്പെടുത്തി ഞങ്ങൾ ധൈര്യം കാണിക്കാറില്ലെന്നും ഭീകരതയെ അപലപിക്കുന്നതായും പിന്നാലെ ചൗധരി ട്വീറ്റ് ചെയ്തു.