ന്യൂഡല്‍ഹി: “ഹലോ…. ഞാനൊരു ഐഎസ്ഐ എജന്റ് ആണ്. ഇനിയവിടെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇന്ത്യയില്‍ കഴിയണം,” ദുബായില്‍ നിന്നും ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് പറന്നിറങ്ങിയ യാത്രക്കാരന്‍ പറഞ്ഞു.
മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റഫീക്ക് എന്ന പാക്കിസ്ഥാന്‍കാരനാണ് എയര്‍പോര്‍ട്ടിലെ ഹെല്‍പ് ഡസ്കില്‍ ചെന്ന് കൗണ്ടറില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥയെ ഈ വിവരങ്ങള്‍ അറിയിച്ചത്. പാക്കിസ്ഥാന്‍ ചാരസംഘടന ആയ ഐഎസ്ഐയെകുറിച്ച് തനിക്ക് പലതും പറയാനുണ്ട് എന്നും റഫീക്ക് പറഞ്ഞു.
റഫീക്കിന്റെ സംസാരം ശ്രദ്ധയോടെ ചെവികൊണ്ട ഉദ്യോഗസ്ഥ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുണ്ടായി. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിൽ പറന്നിറങ്ങിയ മുപ്പത്തിയഞ്ചുകാരനായ റഫീക്ക് അവിടെ നിന്നും നേപ്പാളിലേക്കുള്ള ടിക്കറ്റും എടുത്തിട്ടുണ്ടായിരുന്നു. എന്നിരുന്നാലും, അടുത്ത ഫ്ലൈറ്റ് എടുക്കാനോ യാത്ര തുടരാനോ താത്പര്യപ്പെടാതെ ഹെല്‍പ്പ് ഡെസ്കില്‍ ചെന്ന് സംസാരിക്കുകയായിരുന്നു റഫീക്ക്.
ചോദ്യംചെയ്യലിനിടയില്‍ താന്‍ ഐഎസ്ഐയുമായി ബന്ധപ്പെട്ടയാള്‍ ആണെന്നും ഇനി ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും റഫീക്ക് പറഞ്ഞതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
വിവിധ കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലുകള്‍ക്കും മറ്റുമായി റഫീക്കിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. റഫീക്കിന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചുവരികയാണ് എന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.