ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും കശ്മീരിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് തൊട്ടു പിന്നാലെ, ആഞ്ഞടിച്ച് ഇന്ത്യ. ഇമ്രാന്‍ ഖാന്റെ ആണവയുദ്ധ ഭീഷണി രാഷ്ട്രതന്ത്രജ്ഞനു ചേര്‍ന്നതല്ലെന്നു വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍ പൊതുസഭയില്‍ പറഞ്ഞു.
തീവ്രവാദ വ്യവസായത്തിന്റെ മുഴുവൻ മൂല്യശൃംഖലയും കുത്തകയാക്കിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടു പോലും ഖാൻ തീവ്രവാദത്തെ ന്യായീകരിക്കുന്നതു ലജ്ജാകരവും അപകടകരവുമാണെന്നു വിധിഷ മെയ്ത്ര പറഞ്ഞു.
യുഎന്‍ പൊതുസഭയില്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ഖാന്‍ ഉന്നയിച്ചത്. ഇരുരാജ്യങ്ങൾ തമ്മിൽ പരമ്പരാഗതമായ യുദ്ധം ആരംഭിച്ചാൽ എന്തും സംഭവിക്കാം. അയൽരാജ്യത്തെക്കാൾ ഏഴിരട്ടി ചെറുതായ ഒരു രാജ്യത്തിന് ഒന്നകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക എന്നതു മാത്രമാണു മുന്നിലുള്ള പോംവഴി എന്ന് ഖാൻ പറഞ്ഞിരുന്നു. രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പ്രത്യാഘാതം അവിടെ മാത്രം ഒതുങ്ങില്ലെന്നും ലോകത്തിനെയാകെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More: ഇന്ത്യയിലേക്ക് ഇനി കത്തില്ല; തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തി
ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. യു.എന്‍ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്കു പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാന്‍ ആണെന്ന് അവര്‍ ഏറ്റുപറയുമോ? എന്നായിരുന്നു അവരുടെ ചോദ്യം.
27 പ്രധാന മാനദണ്ഡങ്ങളിൽ 20 ല്‍ കൂടുതല്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയതായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ നിഷേധിക്കുമോയെന്നും 1971 ല്‍ പാകിസ്താന്‍ സ്വന്തം ജനതയ്ക്കെതിരെ നടത്തിയ ഭീകരമായ വംശഹത്യയെ മറക്കരുതെന്നും മെയ്ത്ര തിരിച്ചടിച്ചു. യു എന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍.
ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന, ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ് ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീർണമായിരുന്നു.
“പാകിസ്ഥാൻ തീവ്രവാദത്തിലേക്കും താഴേയ്‌ക്കുള്ള വിദ്വേഷ ഭാഷണത്തിലേക്കും കടന്നിരിക്കെ, ഇന്ത്യ കശ്മീരിലെ വികസനത്തിലൂടെ അതിനെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള നടപടിയുമായി മുന്നോട്ടു പോകും,”വിധിഷ മെയ്ത്ര പറഞ്ഞു.
ജെന്റില്‍മാന്മാരുടെ കളിയായ ക്രിക്കറ്റില്‍ വിശ്വസിക്കുന്ന ഒരു മുന്‍ ക്രിക്കറ്റര്‍ ഇന്നു നടത്തിയ പ്രസംഗം അപക്വമായതും അതിര്‍വരമ്പ് ലംഘിക്കുന്നതാണെന്നും ദാറ ആദംഖേലിലെ വിവിധ തോക്കുകളെ അനുസ്മരിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.