ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാൻ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇന്ത്യ. ‘ദുർബലമായ സമ്പദ്‌വ്യവസ്ഥയും സമൂലമായ സമൂഹവും തീവ്രവാദത്തിന്റെ ആഴത്തിൽ വേരൂന്നിയ ഡിഎൻ‌എയുമുള്ള പരാജയപ്പെട്ട ഒരു രാജ്യം’ എന്നാണ് പാക്കിസ്ഥാനെ പാരീസിൽ നടന്ന യോഗത്തിൽ ഇന്ത്യ വിശേഷിപ്പിച്ചത്.

ഇന്ത്യയ്‌ക്കെതിരേ വിഷം വിതയ്ക്കാൻ പാക്കിസ്ഥാൻ യുനെസ്കോ വേദിയെ ഉപയോഗിച്ചതിൽ ശക്തമായി അപലപിക്കുന്നതായും അനന്യ അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പറഞ്ഞു.

പാകിസ്ഥാന്റെ ‘അസത്യങ്ങൾ’  നിരസിച്ച അനന്യ, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പരമാധികാരവും സമഗ്രതയും ഇന്ത്യ കാത്തുസൂക്ഷിക്കുന്നുവെന്ന് പറഞ്ഞു. ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറിയതിന് നിരവധി റെക്കോഡുകളുള്ള രാജ്യമാണ് പാക്കിസ്ഥാനെന്നും ഇന്ത്യയ്ക്ക് എതിരായി നടത്തിയ പ്രസ്താവന കപടമാണെന്നും അനന്യ പറഞ്ഞു.

Read More: പാക്കിസ്ഥാന്റെ മുൻ നടപടികൾ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു: എസ്.ജയശങ്കർ

ഭീകരർക്കു സഹായം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും കൊടിയ പീഡനങ്ങൾക്കും ഇരയാകുമ്പോഴും ചെറുവിരൽ അനക്കാതെ രാജ്യാന്തര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

കടക്കെണിയിലായ പാക്കിസ്ഥാന്റെ ജനിതകത്തിൽ തന്നെ ഭീകരതയുണ്ട്. അനുദിനം ദുർബലമായി കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തുന്ന, വികസനത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന യാഥാസ്ഥിതികമായ സമൂഹം, ഭീകരതയ്ക്കുള്ള വേരോട്ടം തുടങ്ങിയ ഘടകങ്ങൾ പാക്കിസ്ഥാനെ പരാജിത രാഷ്ട്രമാക്കി മാറ്റിയെന്നും ഇന്ത്യ യുനെസ്കോ സമ്മേളനത്തിൽ പറഞ്ഞു.

സെപ്റ്റംബറിൽ നടന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം അനന്യ അഗർവാൾ അനുസ്മരിച്ചു. യുഎൻ പോലുള്ള വേദിയെ പോലും ആണവയുദ്ധ ഭീഷണി ഉയർത്താനുള്ള വേദിയാക്കി മാറ്റിയ നേതാവുള്ള രാജ്യമാണ് പാക്കിസ്ഥാൻ എന്നവർ പരിഹസിച്ചു.

അംഗരാജ്യങ്ങൾ ഈ വേദി ദുരുപയോഗം ചെയ്യുന്നത് ചെറുക്കാൻ യുനെസ്കോ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ അഭ്യർഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook