scorecardresearch
Latest News

കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; വെള്ളിയാഴ്ച അരമണിക്കൂര്‍ മാറ്റിവയ്ക്കും

അന്തര്‍ ദേശീയ വേദികളിലെല്ലാം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്

ന്യൂഡല്‍ഹി: കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വെള്ളിയാഴ്ച (നാളെ) അരമണിക്കൂര്‍ കശ്മീരിനായി മാറ്റിവയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയമാണ് കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ മാറ്റിവയ്ക്കുക. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ പാക്കിസ്ഥാനികളും നാളെ രംഗത്തിറങ്ങണം. ഇന്ത്യന്‍ അധീന കശ്മീരിലുള്ളവര്‍ക്കൊപ്പം പാക്കിസ്ഥാനുണ്ടെന്ന സന്ദേശം നല്‍കുന്നതാകണം ഈ ഐക്യദാര്‍ഢ്യം. ഇന്ത്യയുടെ ഫാസിസ്റ്റ് നടപടിക്കും 24 ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയ്ക്കും എതിരാണ് ഈ ഐക്യദാര്‍ഢ്യം – ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

അന്തര്‍ ദേശീയ വേദികളിലെല്ലാം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്. യുഎന്‍ സമ്മേളനത്തിലും വിഷയം അവതരിപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. കശ്മീരിലെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയമാണെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

Read Also: നരേന്ദ്ര മോദിയുടെ ജന്മദിനം ‘സേവ സപ്‌താ‌ഹ്’ എന്ന പേരില്‍ ആഘോഷിക്കും

പാക്കിസ്ഥാന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളാണെന്നാണ് ഇന്ത്യ പറയുന്നത്. പാക് നേതാക്കളുടെ പ്രസ്താവനകള്‍ പ്രതിഷേധമുണ്ടെന്നും ഇന്ത്യ അറിയിച്ചു. പാക്കിസ്ഥാന്‍ നല്ല അയല്‍ക്കാരെ പോലെ പ്രതികരിക്കണമെന്നും ഇന്ത്യ പറഞ്ഞു. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു രവീഷ് കുമാര്‍. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കുകയാണ് പാക്കിസ്ഥാന്‍ സൃഷ്ടിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

”വര്‍ഷങ്ങളായി അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ പാക്കിസ്ഥാന്‍ തങ്ങളുടെ സ്റ്റേറ്റ് പോളിസായി ഉപയോഗിക്കുകയാണ്. നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ നടപടിയെടുക്കം” രവീഷ് കുമാര്‍ പറഞ്ഞു. ”ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ തെറ്റായ സന്ദേശം നല്‍കാനാണ് ശ്രമിക്കുന്നത്. പാക്കിസ്ഥാന്‍ യുഎന്നില്‍ നല്‍കിയ കത്തിനെ കുറിച്ച് പ്രതികരിക്കാനില്ല. അതിന് എഴുതിയ പേപ്പറിന്റെ വില പോലുമില്ല” കുമാര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pakistan in solidarity with jammu kashmir says imran khan