ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലി സമ്മേളനം താൽക്കാലികമായി നിർത്തിവച്ചതായി ദ ഡോൺ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെ 11.30 വരേക്കാണ് സമ്മേളനം നിർത്തിവച്ചത്.
സമ്മേളനത്തിന്റെ തുടക്കത്തിൽ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്റ് ബാബർ അവാൻ സമ്മേളനം നിർത്തിവയ്ക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. സമ്മേളനം നിർത്തിവച്ചാൽ വൈകുന്നേരം ആറ് മണിക്ക് ചേരുന്ന ദേശീയ സുരക്ഷയുടെ യോഗത്തിനായി പാർലമെന്ററി കമ്മിറ്റിക്ക് അസംബ്ലി ഹാൾ ഉപയോഗിക്കാൻ കഴിയുമെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു.
ഖാൻ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഫെഡറൽ വാർത്താവിനിമയ മന്ത്രി ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു. സ്ഥാനമൊഴിയുകയും വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതിരിക്കുകയും ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നതിനാൽ ഇമ്രാൻ ഖാൻ ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് റദ്ദാക്കിയിരുന്നു. സൈന്യവും ഐഎസ്ഐ മേധാവികളും അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു.
തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വിദേശ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നച്. ഈ ആരോപണങ്ങൾ “വിദേശ ഗൂഢാലോചന കത്തു”മായി ബന്ധപ്പെട്ടാണ്. അത് പ്രധാനമന്ത്രി ബുധനാഴ്ച മുതിർന്ന മാധ്യമപ്രവർത്തകരുമായും ക്യാബിനറ്റ് അംഗങ്ങളുമായും പങ്കിട്ടിരുന്നു. ഖാനെ പുറത്താക്കുമെന്ന് “ഭീഷണിപ്പെടുത്തിയ” “ഗൂഢാലോചന കത്തി”ൽ അമേരിക്ക തങ്ങളുടെ പങ്കാളിത്തം നിഷേധിച്ചിരുന്നു.