പൂനെ: ഭീകരവാദത്തിലൂടെ നിഴൽ യുദ്ധത്തിന്റെ പാതയാണ് പാക്കിസ്ഥാൻ തിരഞ്ഞെടുത്തിരിക്കുന്നതെന്നും പരാജയമല്ലാതെ ഇതിൽ നിന്നും മറ്റൊന്നും ലഭിക്കുകയില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എൻഡിഎയുടെ 137-ാമത് കോഴ്സിലെ പാസിങ് ഔട്ട് കേഡറ്റുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“പരമ്പരാഗതമോ പരിമിതമോ ആയ ഒരു യുദ്ധത്തിലും ഇന്ത്യയ്ക്കെതിരെ വിജയിക്കാനാവില്ലെന്ന് 1948 മുതൽ 1965, 1971, 1999 എന്നീ കാലഘട്ടങ്ങളിൽ നമ്മുടെ അയൽക്കാരൻ തിരിച്ചറിഞ്ഞതാണ്. ഭീകരവാദത്തിലൂടെ നിഴൽ യുദ്ധത്തിന്റെ പാതയാണ് പാക്കിസ്ഥാൻ തിരഞ്ഞെടുത്തിരിക്കുന്നത്. തോൽവിയല്ലാതെ രാജ്യത്തിന് ഒന്നും ലഭിക്കില്ലെന്ന് എനിക്ക് പറയാൻ കഴിയും,” അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും സമാധാനപരവും സൗഹൃദപരവുമായ ബന്ധമുണ്ടെന്ന് സിങ് പറഞ്ഞു. “ഇന്ത്യയ്ക്ക് ഒരിക്കലും അതിർത്തിക്ക് പുറത്തുള്ള ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ പ്രകോപിപ്പിക്കുകയാണെങ്കിൽ നമ്മൾ ആരെയും വെറുതെ വിടില്ല,” അദ്ദേഹം പറഞ്ഞു.
Read More: ഭീകരവാദിയായ പ്രഗ്യ ഭീകരവാദിയായ ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിക്കുന്നു: രാഹുൽ ഗാന്ധി
ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിളിച്ച ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിനെ തള്ളി കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു. നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിക്കുന്ന ഏതൊരു തത്വചിന്തയെയും ബിജെപി അപലപിക്കുന്നുവെന്ന് പ്രഗ്യയുടെ പേര് പരാമർശിക്കാതെ രാജ്നാഥ് സിങ് പറഞ്ഞു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപായി പ്രഗ്യയുടെ പരാമർശത്തിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അപലപിക്കുകയും, പാർലമെന്റ് പ്രതിരോധ സമിതിയിൽനിന്ന് പ്രഗ്യയെ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശീതകാല സമ്മേളനത്തിലെ ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും പ്രഗ്യയെ വിലക്കിയതായും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടയിലാണ് നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന നിലപാട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ ആവർത്തിച്ചത്. എസ്പിജി സുരക്ഷ ഭേഗഗതി ബിൽ സംബന്ധിച്ച് സഭയിൽ നടന്ന ചർച്ചയിൽ, എന്തുകൊണ്ട് മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന ഗോഡ്സെയുടെ പ്രസ്താവന ഡിഎംകെ നേതാവ് എ.രാജ ആവർത്തിച്ചപ്പോൾ പ്രകോപിതയായ പ്രഗ്യാ സിങ് ഗോഡ്സെയെ പ്രകീർത്തിച്ചുകൊണ്ടുളള പരാമർശം നടത്തുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് പ്രഗ്യ വിശേഷിപ്പിച്ചിരുന്നു.