ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദിനെതിരെ പാക് സർക്കാർ. പാക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൽസരിക്കാനുള്ള ഹാഫിസ് സയീദിന്റെ നീക്കം തടയണമെന്നാണ് പാക് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പാക് സൈന്യത്തിന്റെ പിന്തുണ ഹാഫിസ് സയീദിന് ഉണ്ടെന്നാണ് വിവരം. നേരത്തേ പാക് ഭരണ തലവനായിരുന്ന മുൻ സൈനിക മേധാവി പർവേസ് മുഷറഫ്, ഹാഫിസ് സയീദ് യഥാർത്ഥ രാജ്യസ്നേഹിയാണെന്ന് പ്രകീർത്തിച്ചിരുന്നു. ഇതിന് പിന്നാലെ പാക് സൈനിക മേധാവിയും ഇയാൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

എന്നാൽ മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ, വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച ശേഷം അമേരിക്ക, പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഹാഫിസ് സയീദ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ഒരുക്കത്തിലാണെന്ന് വ്യക്തമായതോടെ അമേരിക്ക തങ്ങളുടെ നിലപാട് കടുപ്പിച്ചു. ഹാഫിസ് സയീദിനെ വീണ്ടും തടവിൽ പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്ക ഇയാളെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ