ജനീവ: ജമ്മു കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനം എന്ന് പരാമര്‍ശിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. യുഎന്‍ (ഐക്യരാഷ്ട്രസഭ) മനുഷ്യാവകാശ കൗണ്‍സിലിലാണ് പാക്ക് മന്ത്രിയുടെ പരാമര്‍ശം. പ്രസംഗത്തിനിടെയാണ് ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന വിശേഷണം പാക്ക് മന്ത്രി നടത്തിയത്.

“ജമ്മു കശ്മീരില്‍ എല്ലാ കാര്യങ്ങളും സാധാരണ ഗതിയിലായി എന്ന് കാണിക്കാനാണ് ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നത്. കശ്മീരിലെ ജീവിതാവസ്ഥ സാധാരണ നിലയിലായി എന്ന് ഇന്ത്യ അവകാശപ്പെടുന്നു. എങ്കില്‍, എന്തുകൊണ്ടാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ പോലും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പോകാന്‍ അവര്‍ അനുവദിക്കാത്തത്?” ഖുറേഷി പ്രസംഗത്തിനിടെ പറഞ്ഞു.

ഇന്ത്യയുടെ ഭരണത്തിലുള്ള കശ്മീര്‍ എന്ന് മാത്രമാണ് പാക്കിസ്ഥാന്‍ സാധാരണ ഉപയോഗിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് പാക്ക് വിദേശകാര്യ മന്ത്രി ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് പരാമര്‍ശം നടത്തിയിരിക്കുന്നത്.

Read Also: റേഞ്ച് റോവര്‍ സ്വന്തമാക്കി മഞ്ജു വാര്യരും; വില 75 ലക്ഷത്തോളം!

കശ്മീരിലെ സ്ഥിതി വളരെ മോശമാണെന്നാണ് പാക്കിസ്ഥാന്‍ യുഎന്നില്‍ ആരോപിക്കുന്നത്. കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പാക്കിസ്ഥാന്‍ ആരോപിക്കുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ പുതിയ നീക്കം നടത്തുകയാണ് പാക്കിസ്ഥാന്‍ ഇതുവഴി ചെയ്യുന്നത്. നിയമവിരുദ്ധമായ ഇടപെടലാണ് ഇന്ത്യ കശ്മീരില്‍ നടത്തിയതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് നീതി നടപ്പിലാക്കി കൊടുക്കാന്‍ ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും പാക്കിസ്ഥാന്‍ ഉയര്‍ത്തിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളൊന്നും ജമ്മു കശ്മീർ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ നേരത്തെയും അത് വ്യക്തമാക്കിയിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook