ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് രംഗത്തെത്തിയതിന് ശേഷം ആഗോളതലത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും പരിശോധനകളും നടത്തിവരികയാണ്. ഇന്ത്യ-പാക് പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ തങ്ങളുടെ വിദേശകാര്യ മന്ത്രിയെ ഇസ്‌ലാമാബാദിലേക്ക് അയയ്ക്കുന്നുവെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെ, പാക്കിസ്ഥാനില്‍ ജയ്‌ഷെ മുഹമ്മദ് ‘നിലനില്‍ക്കുന്നില്ലെ’ന്ന് പാക് ആര്‍മിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം പറഞ്ഞത്, ‘പാക്കിസ്ഥാനില്‍ ജയ്‌ഷെ മുഹമ്മദ് ഇല്ല. ഐക്യരാഷ്ട്ര സഭയും പാക്കിസ്ഥാനും സംഘടനയെ നിരോധിച്ചിട്ടുണ്ട്. രണ്ടാമതായി, ഞങ്ങള്‍ ആരുടേയും സമ്മർദത്തിന് വഴങ്ങി ഒന്നും ചെയ്യുന്നില്ല.’

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തത് പാക്കിസ്ഥാനില്‍ നിന്നല്ലെന്നും ഗഫൂര്‍ അവകാശപ്പെട്ടു. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘അവരുടെ അവകാശവാദം തെറ്റാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിരോധിക്കപ്പെട്ട സംഘടനയുടെ 44 അംഗങ്ങളെ പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ആര്‍മി ജനറലിന്റെ പരാമര്‍ശം. ഊര്‍ജിതമായ അന്വേഷണത്തിനായി ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്‌ഹറിന്റെ രണ്ട് കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മസൂദ് അസ്‌ഹര്‍ പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നും എന്നാല്‍ അസ്‌ഹര്‍ രോഗിയാണെന്നും കഴിഞ്ഞയാഴ്ച പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ ഉടനീളം അസ്ഹറിനെ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ എന്നു തന്നെയാണ് ഖുറേഷി വിശേഷിപ്പിച്ചത്. ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook