ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് എഫ്-16 യുദ്ധ വിമാനങ്ങളാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. എഫ്-16 ഉപയോഗിച്ചാണ് രണ്ടു എഐഎം-120 അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽസ് (അംറാംസ്) മിസൈലുകൾ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾക്കുനേരെ പാക്കിസ്ഥാൻ പ്രയോഗിച്ചതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചത്.
എഫ്-16 ഉപയോഗിച്ച് പാക്കിസ്ഥാന്‍ തൊടുത്തുവിട്ട അംറാംസ് മിസൈലുകളില്‍ ഒന്ന് ഇന്ത്യയുടെ നിയന്ത്രണരേഖയില്‍ ലക്ഷ്യം കാണാതെ വീഴുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. പാക്കിസ്ഥാന്‍ എഫ്-16 ഉപയോഗിച്ച് തൊടുത്തുവിട്ട മറ്റൊരു മിസൈല്‍ ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വർധമാന്‍ പറത്തിയിരുന്ന മിഗ്- 21 വിമാനത്തിൽ കൊണ്ടതായും വിമാനം തകർന്ന് പാക് നിയന്ത്രണരേഖയിൽ വീഴുകയുമായിരുന്നുവെന്നാണ് കരുതുന്നത്.
ലക്ഷ്യം തെറ്റി ഇന്ത്യന്‍ നിയന്ത്രണ രേഖയില്‍ പതിച്ച അംറാംസ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ ആര്‍മി ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് എഫ്-16 യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യകത്മായത്. ഇന്ത്യ പുറത്തുവിട്ട അംറാം മിസൈലിന്റെ ഭാഗങ്ങള്‍ എഫ്-16 യില്‍ മാത്രം ഉപയോഗിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
ഇന്ത്യയുടെ കൈവശമുള്ള അംറാംസിന്റെ അവശിഷ്ടങ്ങള്‍ ഒരൊറ്റ മിസൈലില്‍ നിന്ന് മാത്രം ലഭിച്ചതാണെന്ന് അമേരിക്കന്‍ വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ റയ്‌തോണ്‍ നിര്‍മ്മിച്ച അംറാം മിസൈല്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തെത്താതെ പോയത് പ്രധാനപ്പെട്ട വിഷയമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അംറാം മിസൈലിന്റെ ഭാഗങ്ങള്‍ മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
എഫ്-16 ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന വാര്‍ത്തകളെ പാക്കിസ്ഥാന്‍ ആദ്യമേ നിഷേധിച്ചിരുന്നു. എഫ്-16 ഉപയോഗിച്ച് ഒരു ആക്രമണവും നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ലഭിച്ച അംറാം മിസൈല്‍ എഫ്-16 ഉപയോഗിച്ച് മാത്രമേ പ്രയോഗിക്കാന്‍ സാധിക്കൂ.
പ്രതിരോധത്തിന് വേണ്ടിയാണ് എഫ്-16 വിമാനങ്ങള്‍ നല്‍കിയതെന്നും അതുകൊണ്ട് ആക്രമണം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അമേരിക്ക നിലപാടെടുത്തതോടെയാണ് എഫ്-16 ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടില്ലെന്ന വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.