ഇസ്‌ലാമാബാദ്: അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വർഷം തടവ് ശിക്ഷ. മകൾ മറിയം ഷെരീഫിന് 7 വർഷവും മരുമകൻ സഫ്ദറിന് ഒരു വർഷവുമാണ് പാക്കിസ്ഥാൻ കോടതി തടവ് വിധിച്ചത്. ലണ്ടനിലെ അവൻഫീൽഡ് ഹൗസിൽ നാലു ആഡംബര ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
കേസിൽ വിധി പറയുന്നത് ഒരാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കണമെന്ന നവാസ് ഷെരീഫിന്റെ ആവശ്യം കോടതി തളളിയിരുന്നു. നവാസ് ഷെരീഫിന്റെ ഭാര്യ കുൽസു ലണ്ടനിൽ ചികിൽസയിലാണ്. ലണ്ടനിലുളള തനിക്ക് ഉടനെ മടങ്ങിയെത്താൻ കഴിയില്ലെന്നും അതിനാൽ വിധിപ്രസ്താവം പറയുന്നത് നീട്ടിവയ്ക്കണമെന്നുമാണ് നവാസ് ഷെരീഫ് അഭിഭാഷകൻ മുഖേന അറിയിച്ചത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
ഷെരീഫിന്റെ ഭാര്യ കുൽസുമിന് തൊണ്ടയിൽ കാൻസറാണ്. വിദഗ്‌ധ ചികിൽസയ്ക്കാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടുപോയത്. നവാസ് ഷെരീഫും മകളും ഇപ്പോൾ ലണ്ടനിലാണുളളത്.
പാനമ പേപ്പർ ചോർന്നതിലൂടെയാണ് നവാസ് ഷെരീഫിനും മകൾക്കും ലണ്ടനിളള സ്വത്തിനെക്കുറിച്ചുളള വിവരം പുറത്തായത്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമ രേഖകളിലൂടെ പുറത്തുവന്നത്. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.