ഇസ്ലാമാബാദ്: പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയിലേക്കും നാല് പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള പൊതുതിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. പാകിസ്ഥാനില്‍ ഇത് രണ്ടാം തവണയാണ് ഒരു പട്ടാള അട്ടിമറിയില്ലാതെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. രാഷ്ട്രീയ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാനിലെ പട്ടാള സംവിധാനങ്ങള്‍ക്ക് എന്നും സാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ പുതിയ തിരഞ്ഞെടുപ്പ് വരുമ്പോഴും സംശയത്തോടെ ഉറ്റുനോക്കപ്പെടുന്നത് പ്ടടാള സംവിധാനത്തെയാണ്.

നേരത്തേ പ്രത്യക്ഷത്തിലുളള അട്ടിമറികള്‍ നടത്തിയും ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെ ഇറക്കാനും പട്ടാളത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ആശങ്കയുണര്‍ത്തുന്ന വസ്തുത. പ്രത്യേക അധികാരങ്ങള്‍ വെച്ച് സര്‍ക്കാരിനെ താഴെ ഇറക്കി പിന്നീട് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നില്ലെന്ന് പട്ടാള ഉറപ്പുവരുത്തിയ ചരിത്രമുണ്ട്. വോട്ടിംഗ് പ്രക്രിയല്‍ പട്ടാളത്തിന് നല്‍കുന്ന പ്രധാന്യവും ഏറെയാണ്.

മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അഴിമതിക്കേസില്‍ പത്തുവര്‍ഷം ജയില്‍ശിക്ഷയനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. പാനമ പേപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അയോഗ്യനായ നവാസ് ശരീഫ് ഇക്കുറി തന്റെ സഹോദരന്‍ ശഹ്‍ബാസ് ശരീഫിനെ നേതൃത്വത്തിലെത്തിച്ചാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയത്. നവാസ് ശരീഫ് ജയിലിലായതോടെ നേരത്തെ പ്രചാരണത്തില്‍ മുന്നിലായിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ ഏറെ തിരിച്ചടി നേരിടുന്നുണ്ട്. പല സ്ഥാനാര്‍ത്ഥികളും കൂറുമാറി ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയില്‍ ചേരുകയോ സ്വതന്ത്രരായി മല്‍സരിക്കുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ജനത്തെ വൈകാരികമായി സമീപിക്കാനാണ് നവാസ് ഷെരീഫിന്റെ അറസ്റ്റ് വരിക്കല്‍ നീക്കം കണക്കാക്കപ്പെടുന്നത്. താന്‍ ജയിലിലായത് സൈന്യത്തിന്‍റെ ഇടപെടലാണെന്നാണ് നവാസ് ശരീഫിന്‍റെ ആരോപണം.

മുന്‍ ക്രിക്കറ്റ്താരം ഇംറാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തഹ്‌രീകെ ഇന്‍സാഫ് നേട്ടം അഴിമതിവിരുദ്ധതയാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യമായുയര്‍ത്തുന്നത്. നേരത്തെ ഇംറാന്‍റെ സഖ്യകക്ഷിയായിരുന്ന മതകീയ പാര്‍ട്ടികളുടെ മുന്നണി മുത്തഹിദ മജ്‌ലിസെ അമല്‍ ഇക്കുറി സഖ്യമില്ലാതെ മല്‍സരിക്കുന്നു. തീവ്രവാദഗ്രൂപ്പുകളായ ലഷ്കറെ ത്വയ്യിബ, ലഷ്കറെ ജംഗ്‌വി എന്നിവയുടെ സ്ഥാനാര്‍ത്ഥികള്‍ താല്‍കാലിക പാര്‍ട്ടികളുണ്ടാക്കി മല്‍സരിക്കുന്നത് മുത്തഹിദ മജ്‌ലിസെ അമലിന്‍റെ ശക്തികേന്ദ്രമായ ഖൈബര്‍ പഷ്തൂന്‍ഖ്വാ പ്രവിശ്യയില്‍ അവര്‍ക്ക് തിരിച്ചടിയായേക്കും. പഞ്ചാബ് പ്രവിശ്യയില്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി നേട്ടം കൊയ്യുമെന്നാണ് സൂചന. ബലൂചിസ്താനില്‍ പുതുതായി രൂപീകരിച്ച ബലൂചിസ്താന്‍ അവാമി പാര്‍ട്ടി നേട്ടമുണ്ടാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook