രാജ്യത്തെ സേവിക്കുക എന്ന തന്റെ സ്വപ്നം പൂവണിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നുവെന്ന് പാക്കിസ്ഥാൻ തെഹ്‌രീക് – ഇ- ഇൻസാഫ് പാർട്ടി നേതാവും മുൻ ക്രിക്കറുമായ ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ ദൈവത്തോട് നന്ദി പറയുന്നു. 22 വർഷത്തെ പോരാട്ടത്തിനൊടുവിൽ എന്റെ പ്രാർത്ഥനകൾക്ക് ഫലം കണ്ടു. രാജ്യത്തെ സേവിക്കുക എന്ന എന്റെ സ്വപ്ന സാഫല്യമാണിത്” ഇമ്രാൻ പറഞ്ഞു.

രാഷ്ട്രീയത്തിൽ​ചേരാൻ താൻ തീരുമാനിക്കുന്നത് 22 വർഷം മുമ്പാണ്. അന്ന് പാക്കിസ്ഥാനിലെ ഭരണസംവിധാനം അഴിമതി കൊണ്ട് തകർന്ന അവസ്ഥയിലായിരുന്നുവെന്ന് ഇമ്രാൻ പറഞ്ഞു

ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്താൻ തയ്യാറാണെന്ന് തെഹ്‌രീക് -​ഇ- ഇൻസാഫ് നേതാവ് ഇമ്രാൻ ഖാൻ വ്യക്തമാക്കി. “ന്യൂഡൽഹി ഒരു ചുവട് മുന്നോട്ട് വച്ചാൽ ഞങ്ങൾ രണ്ട് ചുവട് മുന്നോട്ട് വെയ്ക്കും.” എന്നും അദ്ദേഹം പറഞ്ഞു.

“പാക്കിസ്ഥാനിലെ ജനാധിപത്യം ശക്തിപ്പെടുന്നതാണ് നമ്മൾ കാണുന്നത്. തീവ്രവാദി ആക്രമണങ്ങളുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഞാൻ സൈന്യത്തോട് നന്ദി പറയുന്നു” ഇമ്രാൻ ഖാൻ പറഞ്ഞു.

നിലവിൽ പാക്കിസ്ഥാൻ ആകെ തകർന്ന അവസ്ഥയിലാണ്. നമ്മുടെ എല്ലാ നയങ്ങളും ദരിദ്രരെ സഹായിക്കുന്നതാകണം. മദീനയിൽ സ്ഥാപിച്ചതുപോലെ ഒരു ഭരണകൂടമാണ് ഉണ്ടാകേണ്ടത് എന്ന് താൻ മനസ്സിൽ വിഭാവനം ചെയ്തിരിക്കുന്ന പാക്കിസ്ഥാനെ കുറിച്ച് ഇമ്രാൻ വ്യക്തമാക്കി.

രാജ്യത്തെ നികുതി ചോർച്ച തടയും, എല്ലാ ചെലവുകളും വെട്ടിക്കുറയ്ക്കുമെന്നും ഇമ്രാൻ പറഞ്ഞു.

ഭീകരപ്രവർത്തനവും അതേ തുടർന്നുളള ദുരന്തവുമെല്ലാം മറികടന്ന് വോട്ട് ചെയ്യാനെത്തിയ ബലൂചിസ്ഥാൻകാരെ രാജ്യത്തിന്റെ പേരിൽ പ്രശംസിക്കുന്നതായും ഇമ്രാൻ വ്യക്തമാക്കി.

ബലൂചിസ്ഥാനിലെ ക്വറ്റയിൽ വോട്ടെടുപ്പിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ 35 ലേറെ പേർ കൊല്ലപ്പെടുകയും 67 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ക്യമാറകൾക്ക് മുമ്പ് വോട്ട് ചെയ്തതിന് ഇമ്രാൻഖാന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. എന്നാൽ ഇമ്രാൻ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും “വ്യാജ വാർത്ത” ആണെന്നും ഇമ്രാന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞുവെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook