ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീഖ് ഇ ഇൻസാഫ് (പിടിഐ) പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 272 ൽ 120 സീറ്റുമായി പിടിഐ പാർട്ടിയാണ് മുന്നിൽ. 58 സീറ്റുമായി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽ) പാർട്ടി രണ്ടാം സ്ഥാനത്തും ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 33 സീറ്റുമായി മൂന്നാം സ്ഥാനത്തും മുന്നിട്ടു നിൽക്കുന്നു.

അതേസമയം, ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുളളത്. ഇന്നലെ രാത്രി എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് ഉച്ചയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവൂയെന്നാണ് ഇപ്പോഴത്തെ വിവരം.

അതിനിടെ പിടിഐ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകാനാണ് സാധ്യത. പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനയും ഇതാണ്. അതേസമയം, വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നവാസ് ഷെരീഫിന്റെ പാർട്ടിയടക്കമുളളവർ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ തെരുവിലിറങ്ങാൻ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് പാർട്ടി അനുനായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ–പഖ്തൂൺഖ്വ എന്നീ നാലു പ്രവിശ്യാ അസംബ്ലികളിലെ 577 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ