ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി. വ്യോമപാത തുറക്കില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി തന്നെയാണ് വ്യക്തമാക്കിയത്. യു.എൻ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് പോകാനാണ് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയത്. സെപ്റ്റംബർ 21 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനം.
നേരത്തെ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു. വിദേശപര്യടനത്തിനായി പോകുന്ന രാഷ്ട്രപതിക്ക് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യൻ ആവശ്യം പാക്കിസ്ഥാൻ തള്ളി. ത്രിരാഷ്ട്ര സന്ദർശനത്തിന് രാഷ്ട്രപതി പോകുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടിയത്.
Also Read: ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ
ഇന്ത്യയ്ക്ക് മേൽ കൂടുതൽ സമ്മർദ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കം എല്ലാ പാതകളും ഉടന്‍ അടച്ചിടുന്ന കാര്യം പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടസപ്പെടുത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ തന്നെയാണ് അറിയിച്ചത്.
നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാന് അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാക്കിസ്ഥാൻ തന്നെ നിഷേധിക്കുകയുണ്ടായി. ബാലാകോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ വ്യോമ പാതകൾ അടച്ചിരുന്നു. ജൂലൈ 16നാണ് പിന്നീട് വ്യോമപാതകൾ പാക്കിസ്ഥാൻ തുറന്നത്.