ന്യൂഡല്‍ഹി: ഒമ്പത് ദിവസം മുമ്പ് ബോട്ടിന്റെ എൻജിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ മൽസ്യത്തൊഴിലാളികള്‍ക്ക് പാക്കിസ്ഥാന്‍ നാവികസേന മരുന്നുകള്‍ എത്തിച്ചു നല്‍കി. എക്സ്പ്രസ് ട്രിബ്യൂണാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എട്ട് ദിവസം മുമ്പ് എൻജിന്‍ തകറാറിലായതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മൽസ്യത്തൊഴിലാളികളുടെ കൈയ്യില്‍ ഭക്ഷണമോ വെളളമോ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ തീരത്ത് വിവരമറിയിച്ചിട്ടും ആരും തന്നെ രക്ഷാപ്രവര്‍ത്തനത്തിനും എത്തിയില്ല.

സംഭവം അറിഞ്ഞ പാക് നാവികസേന 12 മൽസ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണം, വെളളം, മരുന്നുകള്‍ എന്നിവ നല്‍കിയതായി പാക് നാവികസേനാ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ ബോട്ട് നന്നാക്കാനും സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലായ്പ്പോഴും കടലില്‍ പെട്ടു പോകുന്നവരെ പാക് നാവികസേന സഹായിക്കാറുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ‘അതിര്‍ത്തികള്‍ കാക്കുന്നതിന് അപ്പുറം നാവികസേന സഹായങ്ങളും രക്ഷാപ്രവര്‍ത്തനവും സജീവമായി ചെയ്യാറുണ്ട്. മേഖലയില്‍ സമാധാനം പുലരണമെന്നാണ് പാക്കിസ്ഥാന്റെ ആഗ്രഹമെന്നതിന് തെളിവാണ് ഈ സംഭവം’, പാക് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.

ജനുവരിയില്‍ പാക്കിസ്ഥാൻ ജയിലിൽനിന്നും 147 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാക് അധികൃതർ കറാച്ചി ജയിലിൽ പാർപ്പിച്ചിരുന്നവരെയായിരുന്നു മോചിപ്പിച്ചത്.

ഡിസംബർ 28ന് 145 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെയും പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപ്രകടനമെന്ന നിലയിലാണ് മൽസ്യത്തൊഴിലാളികളെ മോചിപ്പിച്ചതെന്ന് പാക് അധികൃതർ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ