ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രധാന പ്രവിശ്യകളിലൊന്നായ ഖൈബർ പക്തുൻക്വയിലെ ഭരണകൂടം ഹിന്ദു ആരാധനാലയത്തെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. പെഷവാറിലെ പഞ്ച് തീർത്ഥ് എന്ന ഹൈന്ദവ തീർത്ഥാടന കേന്ദ്രത്തിനാണ് ദേശീയ പൈതൃക പദവി ലഭിച്ചത്. ഇസ്‌ലാമിക രാഷ്ട്രമാണ് പാക്കിസ്ഥാൻ.

മഹാഭാരതത്തിലെ രാജാവായ പാണ്ഡു, കാർത്തിക മാസത്തിൽ കുളിക്കാനെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന അഞ്ച് കുളങ്ങളോട് കൂടിയ ക്ഷേത്രമാണിത്. അഫ്ഗാനിലെ ദുരാനി രാജകാലഘട്ടത്തിൽ ഇവിടം തകർക്കപ്പെട്ടിരുന്നു. 1747 ലാണ് ക്ഷേത്രം ഉൾപ്പെട്ട പ്രദേശം ആക്രമിക്കപ്പെട്ടത്. സിഖ് രാജഭരണ കാലത്ത് 1834 ൽ ഹിന്ദുക്കളാണ് ക്ഷേത്രം പുനരുദ്ധാരണം നടത്തിയത്.

ക്ഷേത്ര ഭൂമിയിലെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാനും, ചുറ്റുമതിൽ നിർമ്മിക്കാനും ക്ഷേത്ര ഭരണകൂടത്തിന് പ്രാദേശിക ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷം പുരാവസ്തു വകുപ്പ് സ്ഥലത്ത് സംരക്ഷണ നടപടികൾ കൈക്കൊളളും.

ക്ഷേത്രത്തിന് നേർക്ക് എന്തെങ്കിലും ആക്രമണം നടത്തുകയോ പൈതൃക സ്വത്തിന് നാശനഷ്ടം വരുത്തുകയോ ചെയ്താൽ കനത്ത ശിക്ഷയാണ് ലഭിക്കുക. കുറ്റകൃത്യം തെളിഞ്ഞാൽ ഇവരിൽ നിന്ന് 20 ലക്ഷം പാക്കിസ്ഥാൻ രൂപ പിഴയായി ഈടാക്കും. അഞ്ച് വർഷം വരെ തടവും ശിക്ഷ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook