ഇസ്‌ലാമാബാദ്: ലണ്ടനിലെ അനധികൃത സ്വത്തുക്കളുടെ ഉമടസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകൾ മറിയം ഷെരീഫിനുമെതിരെ അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. കേസിലെ വിചാരണ ഇന്ന് ആരംഭിച്ചപ്പോഴാണ് കുറ്റം ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ ഷെരീഫിന് ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.

കേസ് ഇന്ന് പരിഗണിച്ചപ്പോൾ നവാസ് ഷെരീഫ് കോടതിയിൽ ഹാജരായിരുന്നില്ല. മറിയവും ഭർത്താവ് സഫ്ദറും ഹാജരായി. ഷെരീഫ് തന്റെ അഭിഭാഷകനെ കോടതിയിലേക്ക് അയയ്ക്കുകയായിരുന്നു. അസുഖബാധിതയായി കഴിയുന്ന ഭാര്യയെ പരിചരിക്കുന്നതിനായി ലണ്ടനിലാണ് നവാസ് ഷെരീഫ് ഇപ്പോഴുള്ളത്.

കഴിഞ്ഞ ജൂലൈയിൽ നവാസ്​ ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു. തുടർന്നാണ്​ അദ്ദേഹത്തി​ന്​ പ്രധാനമന്ത്രി സ്ഥാനം നഷ്​ടപ്പെട്ടത്​. എങ്കിലും പാർട്ടിയിലെ സ്വാധീനം ​ഷെരീഫിന്​ നഷ്​ടപ്പെട്ടിരുന്നില്ല. 2016ലെ പാനമ പേപ്പറുകളിലൂടെ പുറത്ത്​ വന്ന വിവരങ്ങളാണ്​ ഷെരീഫിനെ അയോഗ്യനാക്കുന്നതിലേക്ക്​ നയിച്ചത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ